Thursday, September 4, 2014

മരുഭൂമിയുടെ ആത്മാവിലൂടെ....

ഒരു മാസം മരുഭൂമിയിലും ഒരു മാസം മലയാള നാട്ടിലും മാറി മാറി നില്ക്കുന്നത് കൊണ്ടാകാം കേരളത്തിന്റെ ഹരിതാഭയോട് തോന്നുന്ന അതേ അഭിനിവേശം കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മരുഭൂമിയോടും തോന്നി തുടങ്ങിയത്. പൌലോ കൊയ്‌ലോയുടെ “ദ ആൽകെമിസ്റ്റ്” മുതൽ ബെന്യാമിന്റെ “ആടുജീവിതം” വരെയുള്ള നോവലുകളുടെ സ്വാധീനം ഒരു പക്ഷെ അതിന് ആക്കം കൂട്ടിയിരിക്കാം. മരുഭൂമിയുടെ നിഗൂഢതകൾ ഒരു പരിധി വരെ അനാവരണം ചെയ്യുവാൻ സഹായിച്ചത് മുന്പറഞ്ഞ എഴുത്തുകാരുടെ രചനകൾ തന്നെയായിരുന്നു.

ജോലിയുമായി ബന്ധപ്പെട്ട് കൊടും മരുഭൂമിയിലെ ഒറ്റപെട്ട പല സ്ഥലങ്ങളിലും യാത്ര ചെയ്യേണ്ടി വരാറുണ്ട്, ദുർഘടമെങ്കിലും ആ യാത്രകൾ അസുലഭ ഭാഗ്യമായി തന്നെ ഞാൻ കരുതുന്നു, കാരണം സഹ പ്രവർത്തകരായ അറബ് സുഹൃത്തുക്കളിൽ നിന്നും മണലാരണ്യത്തിന്റെ ഘനീഭവിച്ച നിശബ്ദതയിൽ ഒളിഞ്ഞിരിക്കുന്ന നിഗൂഢ രഹസ്യങ്ങൾ മനസിലാക്കുവാൻ സഹായിച്ചിരുന്നത് ഒമാനിലെ ഇത്തരം യാത്രകളായിരുന്നു. 

പൊടികാറ്റുകൾ പോലെയുള്ള അപ്രതീക്ഷിത കാലാവസ്ഥ വ്യതിയാനങ്ങൾ, ചുട്ടുപൊള്ളുന്ന അന്തരീക്ഷത്തിലും ജലപാനമില്ലാതെ മാസങ്ങളോളം കഴിയുന്ന പല തരം ജീവജാലങ്ങൾ, മഴയോ വെള്ളമോ ഇല്ലെങ്കിലും അവിടവിടെയായി ഒറ്റപെട്ടു വളരുന്ന വിവിധ തരം ചെടികളും മരങ്ങളും, വറ്റി വരണ്ട ഭൂമിയിലും പ്രകൃതിയുടെ വരദാനമായ മരുപ്പച്ചകൾ, അങ്ങനെ മരുഭൂമികൾ എനിക്ക് മുൻപിൽ ഒരു അദ്ഭുത ലോകം തീർക്കുകയായിരുന്നു.

മരുഭൂമിയിലെ സവാരിക്ക് വേണ്ട മുന്കരുതലുകളെക്കുറിച്ച് പ്രശസ്ത ബ്രസീലിയൻ എഴുത്തുകാരനായ പൌലോ കൊയ്‌ലോ അദ്ദേഹത്തിന്റെ ചില നോവലുകളിൽ വിശദമായി തന്നെ പ്രതിപാദിക്കുന്നുണ്ട്. മരുഭൂമിയിലെ യാത്രയ്ക്ക് ഏറ്റവും അനുകൂലമായ സമയം പ്രഭാതവും സായാഹ്നവുമാണ്. കാരണം ഉച്ചയോടു കൂടി ചൂട് അതിന്റെ പാരമ്യതയിലെത്തും, ഈ സമയത്ത് നിർജ്ജലീകരണം മുതൽ സൂര്യാഘാതം വരെ സംഭവിക്കാം. 

രാത്രിയിലും യാത്ര ഒഴിവാക്കണം, പകൽ സമയത്ത് ചൂട് കൂടുതലായതിനാൽ രാത്രിയിലാണ് പാമ്പുകളും തേളുകളും പോലെയുള്ള ഉഗ്ര വിഷ ജീവികൾ പുറത്തിറങ്ങുക. മരുഭൂമിയിലെ ഇഴജന്തുക്കൾക്ക് മറ്റു പ്രദേശങ്ങളിലുള്ളവയെ അപേക്ഷിച്ചു വിഷത്തിന്റെ അളവ് വളരെ കൂടുതലാണ്, ചെറിയൊരു ദംശനം മതിയാകും മിനിറ്റുകൾക്കുള്ളിൽ മരണം സംഭവിക്കുവാൻ. 

മരുഭൂമിയിലെ യാത്രകൾക്കിടയിൽ ഒരു തവണ മരുപാമ്പിനെ കാണുവാനുള്ള ഭാഗ്യം ഉണ്ടായി, തദ്ദേശവാസിയായ സുഹൃത്താണ് കാർ ഡ്രൈവ് ചെയ്യുന്നതിന്റെ ഇടയിൽ ആ ദൃശ്യം കാട്ടിത്തന്നത്. ഏതോ അജ്ഞാത സാമീപ്യം മനസിലാക്കിയിട്ടെന്നോണം ചുട്ടു പഴുത്ത മണൽതരികൾക്കിടയിലൂടെ അവൻ വളഞ്ഞ് പുളഞ്ഞ് ദൂരേയ്ക്ക് പോയി മറഞ്ഞു. അത്യപൂർവ്വ ദൃശ്യത്തിന്റെ ഒരു ചിത്രം പകർത്തുവാൻ മറന്നു പോയ എന്റെ ബുദ്ധി ശൂന്യതയെ ഞാൻ ഇന്നും ശപിക്കുന്നു. 

പാമ്പുകൾ മാത്രമല്ല, തേളുകൾ, ഉടുമ്പുകൾ, ചെന്നായകൾ, പല തരം ഓന്തുകൾ, എലികൾ, വിവിധ തരം പല്ലികൾ തുടങ്ങി ഒട്ടനവധി ജീവജാലങ്ങൾ മരുഭൂമിയുടെ മക്കളായുണ്ട്. ഒരു വനത്തിനുള്ളിൽ കാണപ്പെടുന്നത് പോലെ തന്നെ, അല്ലെങ്കിൽ ഒരു കടലിനുള്ളിൽ കാണപ്പെടുന്നത് പോലെ തന്നെ, നിരവധി അനവധി ജീവജാലങ്ങളുടെ ആവാസ കേന്ദ്രമാണ് ഈ മണലാരണ്യങ്ങൾ. മരുഭൂമിയിലെ ഉടുമ്പിന്റെ ഇറച്ചിക്ക് മുൻപിൽ വയാഗ്ര പോലും നിഷ്പ്രഭം എന്നാണു പ്രിയ സുഹൃത്ത് തമാശയായി ഇടയ്ക്ക് പറയാറുള്ളത്. 

മരുഭൂമിയിലൂടെ നടക്കുമ്പോൾ ദാഹം തോന്നാറില്ലത്രെ. എങ്കിലും ഇടക്കിടയ്ക്ക് വെള്ളം കുടിച്ചു കൊണ്ടിരിക്കണം. നിർജ്ജലീകരണം വളരെ പെട്ടെന്നായിരിക്കും സംഭവിക്കുക. മിനിറ്റുകൾക്കുള്ളിൽ മരണവും സംഭവിക്കാം. ഏറ്റവും രസകരമായ കാര്യം മരുഭൂമിയിലെ യാത്രയ്ക്കിടയിൽ മരണപ്പെട്ടിട്ടുള്ള മിക്കവരുടേയും കൈവശം വെള്ളം ഉണ്ടായിരുന്നു എന്നുള്ളതാണ്! 

മറ്റൊരു പ്രധാന സംഗതിയാണ് വസ്ത്രങ്ങൾ. ദേഹമാസകലം മൂടുന്ന നീളൻ വസ്ത്രങ്ങൾ നിർജ്ജലീകരണത്തെയും, സൂര്യാഘാതത്തെയും ഒരു പരിധി വരെ തടഞ്ഞു നിർത്തുന്നു. അറബികളുടെ വസ്ത്ര ധാരണ രീതി ഇതിനെ തികച്ചും സാധൂകരിയ്ക്കുന്നതാണ്. കാലാവസ്ഥയ്ക്കും ഭൂപ്രകൃതിയ്ക്കും അനുസരണമായി തന്നെയാണ് മനുഷ്യൻ അവന്റെ വസ്ത്രധാരണ രീതി വികസിപ്പിച്ചെടുത്തിരിയ്ക്കുന്നത് എന്നുള്ളതിന് ഇതിലും വലിയ തെളിവുകൾ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. 

പൌലോ കൊയ്‌ലോയും അദ്ദേഹത്തിന്റെ ഭാര്യയും കൂടി കാലിഫോർണിയയിലെ മൊഹാവി മരുഭൂമിയിലൂടെ നടത്തിയ സാഹസിക യാത്രയിൽ, ചൂട് സഹിക്കാനാവാതെ, തങ്ങളുടെ വസ്ത്രങ്ങൾ ഉരിഞ്ഞ് പൂർണ്ണ നഗ്നരായി യാത്ര തുടരുകയും, മിനിറ്റുകൾക്കകം നിർജ്ജലീകരണത്തിനു വിധേയരായി മരണത്തെ മുഖാമുഖം കാണുകയും ചെയ്യുന്ന സന്ദർഭം “ദ വാല്കൈറീസ്” എന്ന നോവലിൽ അദ്ദേഹം തന്നെ വിശദമാക്കുന്നുണ്ട്. 

മൊഹാവി മരുഭൂമിയിലുള്ള ഒരു ഉപ്പു തടാകം തേടിയുള്ള യാത്രയായിരുന്നു അത്. ആ മരുഭൂമി ഒരിക്കൽ സമുദ്രത്തിന്റെ അടിത്തട്ടായിരുന്നു എന്നുള്ളതിന്റെ തെളിവ്. പസഫിക് സമുദ്രത്തിൽ നിന്നും നൂറു കണക്കിനു മൈലുകൾ താണ്ടി കടൽകൊക്കുകൾ വർഷത്തിലൊരിക്കൽ ഈ തടാകത്തിലെത്തുമത്രെ. മഴയുടെ ആരംഭ കാലത്ത് മരുഭൂമിയിൽ പ്രത്യക്ഷപ്പെടുന്ന ഒരിനം കൊഞ്ചുകളെ ഭക്ഷിക്കാനാണ് അവ വരുന്നത്. നോവലിസ്റ്റിന്റെ വാക്കുകൾ കടമെടുക്കുകയാണെങ്കിൽ, "മനുഷ്യൻ അവന്റെ ഉത്ഭവത്തെ കുറിച്ചൊക്കെ മറന്നെന്നിരിക്കും. പക്ഷെ പ്രകൃതി അങ്ങനെ അല്ല. അതൊരിക്കലും, ഒന്നും മറക്കുന്നില്ല.” 

എന്റെ പ്രിയപ്പെട്ട അറബ് സുഹൃത്തിന്റെ വാക്കുകൾ ആവർത്തിച്ചു കൊണ്ട് തല്കാലം വിട വാങ്ങുന്നു, മറ്റൊരു പോസ്റ്റിലൂടെ വീണ്ടും കാണുന്നത് വരെ..... “മരുഭൂമിയ്ക്ക് സ്വന്തമായി ഒരു നിയമമുണ്ട്, ആ നിയമം പാലിക്കുന്നവരെ അത് സംരക്ഷിയ്ക്കും, അല്ലാത്തവരെ അത് കൊന്നു കളയുകയും ചെയ്യും..............”.

1 comment: