Saturday, September 6, 2014

തേക്കടിയിലേക്കൊരു ടൂ വീലർ യാത്ര..

കെ കെ റോഡിലൂടെ പാമ്പാടിയിൽ നിന്നും മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്, വണ്ടിപ്പെരിയാർ വഴി തേക്കടിയിലേക്ക് ഒരു ടൂ വീലർ യാത്ര, പതിവ് പോലെ കൂട്ടിനു ഭാര്യയും. പ്രകൃതി രമണീയതയുടെ ഈറ്റില്ലമായ ഇടുക്കി മലനിരകളുടെ വന്യമായ സൗന്ദര്യം അതിന്റെ പൂർണ്ണതയിൽ അനുഭവിച്ചറിഞ്ഞ അസുലഭ യാത്ര.

മുണ്ടക്കയത്ത്‌ നിന്ന് ഏകദേശം 17 കിലോമീറ്റർ അകലെയാണ് സഞ്ചാരികളുടെ പ്രധാന ആകർഷണകേന്ദ്രമായ വളഞ്ഞങ്ങാനം വെള്ളച്ചാട്ടം. ഇവിടെ നിന്നും കുട്ടിക്കാനത്തേക്കുള്ള വഴിയിലെ കുത്തനെയുള്ള കയറ്റങ്ങളും, അപകടകരമായ വളവുകളും, യാത്രക്ക് ഒരു സാഹസികതയുടെ പരിവേഷം നല്കും എന്നുള്ളത് സത്യമാണ്.
സമുദ്രനിരപ്പിൽ നിന്ന് 3,500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കുട്ടിക്കാനം, മലയോര പ്രകൃതിരമണീയതയുടെ അനുഗ്രഹീത മേഖലകളിലൊന്നാണ്. നട്ടുച്ചക്കു പോലും കോടമഞ്ഞ് മൂടുന്ന ഇവിടം ബ്രിട്ടീഷ് ഭരണകാലത്ത് അവരുടെ പ്രിയപ്പെട്ട വേനൽകാല വസതിയായിരുന്നുവത്രേ. പച്ചപുതച്ച കുന്നുകളും, തണുത്ത കാലാവസ്ഥയും ഉള്ളതു കൊണ്ടായിരിക്കാം ഹോട്ടലുകളും റിസോർട്ടുകളും ഇവിടെ ഒരുപാടുയരുന്നത്..

അവിടെ നിന്നും പീരുമേട്ടിലേക്കുള്ള യാത്ര അക്ഷരാർത്ഥത്തിൽ മനസ്സിനെ കുളിർപ്പിക്കുക തന്നെ ചെയ്യും. മലകളെ ചുറ്റിപ്പിണയുന്ന വഴിത്താരകളും, മഞ്ഞിന്റെ തിരശ്ശീല വകഞ്ഞു മാറ്റി എത്തി നോക്കുന്ന സൂര്യനാളങ്ങളെ വാരിപുണർന്ന് പുളകിതരായ തേയില നാമ്പുകളും, കാഴ്ച്ചകാരന് വിരുന്നൊരുക്കാൻ മത്സരിക്കുന്ന ചിത്രങ്ങളെന്ന പോലെ മനസ്സിൽ എക്കാലവും മായാതെ നില്ക്കും തീർച്ച..

തേയിലത്തോട്ടങ്ങളും, പുൽമേടുകളും, വെള്ളച്ചാട്ടങ്ങളും മാറ്റു കൂട്ടുന്ന പീരുമേട്ടിൽ നിന്നും 12 കിലോമീറ്റർ യാത്ര ചെയ്‌താൽ വണ്ടിപെരിയാർ എത്താം. ജനസാന്ദ്രത കൂടിയ ഒരു കൊച്ചു ടൗണ്‍. കൂടുതലും തമിഴ് സംസാരിക്കുന്ന ആളുകൾ. അവിടെ നിന്നും ഏകദേശം 14 കിലോമീറ്റർ പിന്നിട്ട് തേക്കടിയിലെത്തി.

പെരിയാർ വന്യജീവി സങ്കേതത്തിന്റെ സ്വാഭാവിക കാനന സൗന്ദര്യം ബാൽകണിയിൽ നിന്ന് ആസ്വദിക്കുവാൻ പറ്റുന്ന റിസോർട്ട് തന്നെ ബുക്ക് ചെയ്തു. ഉച്ചഭക്ഷണത്തിനു ശേഷം ഒരു ചെറിയ മയക്കം. ഉണർന്നെഴുന്നേറ്റ് ഓരോ ചായ ഓർഡർ ചയ്ത ശേഷം ബാൽകണിയുടെ വാതിൽ തുറന്നപ്പോൾ കണ്ട കാഴ്ച്ച ശരിക്കും വിസ്മയിപ്പിച്ചു.

ഇടതൂർന്ന മരങ്ങളാൽ പച്ചപട്ട് പുതച്ച മലയുടെ താഴ്വാരത്ത് മാനുകളും, കാട്ടുപന്നികളും യഥേഷ്ടം വിഹരിക്കുന്നു, ഇഷ്ടഭക്ഷണമായ ഇളം പുല്ലുകളുടെ ആസ്വാദ്യതയോടെ. ചീവീടുകളുടേയും, കുരുവികളുടേയും കാത് കുളിർപ്പിക്കുന്ന സംഗീതം അന്തരീക്ഷത്തിന് വശ്യമായ ഒരു ചാരുത നല്കുന്നു.. മനസ്സിനാകെ ഒരുന്മേഷം..

കാതടപ്പിക്കുന്ന ശബ്ദകോലാഹലങ്ങളുടേയും, ബഹളങ്ങളുടേയും യാന്ത്രികലോകത്ത് നിന്നും വല്ലപ്പോഴുമൊക്കെ പ്രകൃതിയുടെ സ്വച്ഛമായ ശാന്തത തേടി ഇങ്ങനെ ഊളിയിടാറുണ്ട്. പലപ്പോഴും അത്തരം യാത്രകൾ മനസ്സിന് നല്കുന്ന ഉണർവ്വ് വാക്കുകൾക്കതീതമാണ്. ഇവിടെയും സ്ഥിതി മറ്റൊന്നല്ല...

വൈകുന്നേരം മരക്കൂട്ടങ്ങൾക്കിടയിലൂടെ വെറുതെ നടന്നു. ചക്രവാള ശോണിമ മാഞ്ഞു തുടങ്ങിയെങ്കിലും പശ്ചിമഘട്ടത്തിന്റെ നീലിമ മുഴുവനായും ഒഴുകിയിറങ്ങിയ തടാകത്തിന്റെ കരയിൽ ഇരിക്കുമ്പോൾ മറ്റേതോ സാങ്കല്പിക ലോകത്ത് ചെന്നുപെട്ട ഒരു പ്രതീതി.. ഒരുപക്ഷേ മനസ്സിൽ പ്രണയം സൂക്ഷിക്കുന്നവർക്കായി പ്രകൃതി ഒരുക്കിയ ദൃശ്യ വിരുന്നായിരിക്കാം...

റിസോർട്ടിൽ തിരികെ എത്തി, ഗവിയിലേക്ക് അടുത്ത ദിവസം ജീപ്പ് സഫാരി ബുക്ക്‌ ചെയ്തതിനു ശേഷം നേരെ റെസ്റ്റോറന്റിലേക്ക്...

1 comment:

  1. 'ഇത്രയും പോയ സ്ഥിതിക്ക് ആ രാമക്കൽമേട്ടിലും അണക്കരക്കടുത്ത് നല്ല ഒരു വ്യൂ പോയിന്റ് ഉണ്ട് അത് മിസ് ചെയ്യരുതായിരുന്നു ഇനി പോകുമ്പോൾ മറക്കേണ്ട :)

    ReplyDelete