Saturday, October 1, 2016

ഉയരങ്ങളിലേക്കൊരു ബുള്ളറ്റ് യാത്ര. Part 3 (അവസാനഭാഗം)

‘ലേ’ യിലെ പ്രഭാത ഭക്ഷണത്തിനു ശേഷം എല്ലാവരും റൈഡിന് തയ്യാറായി. ഏറ്റവും അപകടം പിടിച്ച വഴികളിലൂടെയാണ് ഇന്നത്തെ യാത്ര. പാംഗോങിൽ ശക്തമായ മഴ പെയ്യുകയാണെന്ന തദ്ദേശീയരുടെ മുന്നറിയിപ്പ് കൂടി കേട്ടപ്പോൾ ആശങ്ക ഇരട്ടിയായി. ലേയിൽ നിന്ന് പെട്രോൾ നിറച്ച് യാത്ര തുടങ്ങി. മണാലി-ലേ ഹൈവേയിലെ കരു എന്ന സ്ഥലത്ത് നിന്നാണ് പാംഗോങ്ങിലെക്ക് തിരിയുന്നത്. ഏകദേശം 150 കി മി ആണ് ഇന്ന് സഞ്ചരിക്കേണ്ടത്.

അധികദൂരമെത്തിയില്ല ആദ്യത്തെ കടമ്പ എത്തി. കുണ്ടും കുഴികളുമുള്ള കുത്തനെയുള്ള കയറ്റം. വെറും മൺവഴിയാണ്. കയറ്റം കയറുന്നതിനു മുൻപ് തന്നെ, വരാൻ പോകുന്ന അപകടങ്ങളെക്കുറിച്ച് ക്യാപ്റ്റന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. ഓരോരുത്തരായി ബൈക് മുന്നോട്ടെടുത്തു തുടങ്ങി. 200 മീ പിന്നിട്ടുകാണും, മുന്നിൽ പോയ സർദാർജി ബൈക്കുമായി മറിഞ്ഞുവീണു. എനിക്ക് മുൻപോട്ട് പോകാൻ വയ്യാത്ത അവസ്ഥ. അത്തരമൊരു കയറ്റത്തു ബൈക് പിടിച്ചു നിർത്തുക എന്നത് വളരെ വിഷമകരമായിരുന്നു. ഭാര്യയോട് പെട്ടെന്ന് തന്നെ ഇറങ്ങുവാൻ ആവശ്യപ്പെട്ടു. പിന്നെ നേരിയ ഒരു വഴിച്ചാലിലൂടെ ഒറ്റക്ക് ബൈക്കുമായി മുന്നോട്ട്. അല്പം നിരപ്പെന്ന് തോന്നിയ സ്ഥലത്ത് വണ്ടി നിർത്തി. അപ്പോഴേക്കും സർദാർജി ബൈക് ഉയർത്തിയെടുത്തിരുന്നു.

പിന്നീട് ഭാര്യയെയും കയറ്റി വീണ്ടും കയറ്റം തുടങ്ങി. തെന്നിയും , ചാടിയും ഒരു വിധത്തിൽ ആ കയറ്റം തരണം ചെയ്തു വലിയ തരക്കേടില്ലാത്ത റോഡിലെത്തി. ഞങ്ങൾക്ക് മുൻപേ എത്തിയവർ അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഇനിയും ഒരുപാട് പേര് വരാനുള്ളതിനാൽ ഞങ്ങളും അവിടെ തന്നെ കൂടി. പലരും ആ വഴിയിൽ വീണു. പൂനെയിൽ നിന്നും വന്ന ഒരു ഡോക്ടർക്കും ഭാര്യക്കുമാണ് വീഴ്ച ഏറ്റവുമധികം ബാധിച്ചത്. ഡോക്ടറുടെ ഭാര്യ പിന്നീടുള്ള യാത്രയിൽ ബാക്കപ് വാനിലാണ് യാത്ര ചെയ്തത്.

കരുവിൽ നിന്നും ഏകദേശം 50 കി മി കഴിഞ്ഞാൽ ചാങ്ലാ ചുരം എത്തും. സമുദ്ര നിരപ്പിൽ നിന്നും 17590 അടി ഉയരത്തിലുള്ള ചാങ് ലാ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള മൂന്നാമത്തെ മൊട്ടറബിൾ റോഡാണ്. ചുരത്തിന് മുകളില് വഴിയരുകിലെ ദൈവിക രക്ഷകനായ ചാങ്ലാ ബാബയുടെ ക്ഷേത്രം. ചുരമിറങ്ങി യാത്ര തുടർന്നു. ഇവിടെയും വാട്ടർ ക്രോസിങ്ങുകൾ നിരവധിയുണ്ട്. മോശം റോഡിൽ നിന്നും ഇടക്കൊക്കെ നല്ല റോഡുകൾ കിട്ടുമ്പോൾ പലപ്പോഴും ആവേശത്തിൽ വേഗത കൂടാറുണ്ട്. എന്നാൽ പലരെയും ഇത് അപകടത്തിൽ കൊണ്ടെത്തിച്ചു. കൊടിയ വളവുകളിൽ നിയന്ത്രണം കിട്ടാതെ പലരും ബൈക്കുമായി റോഡിൽ നിന്നും തെന്നി മാറി കല്ലുകൾക്കിടയിലേക്ക് പാഞ്ഞു. ചെളി മാത്രം നിറഞ്ഞ റോഡുകളും ഇടക്ക് യാത്ര തടസ്സം ഉണ്ടാക്കി. മുൻപ് പോയ ബൈക്കിനെ പിന്തുടർന്നു പോയെങ്കിലും പലപ്പോഴും വണ്ടി തെന്നുന്നുണ്ടായിരുന്നു.

പാംഗോങ് തടാകത്തിലെത്തുന്നതിനു മുൻപാണ് "പാഗൽ നാലാ" (ഭ്രാന്തൻ ഉറവ) എന്ന വാട്ടർ ക്രോസിംഗ്. രാവിലെ ഇവിടെ വെള്ളം കുറവായിരിക്കും, ഉച്ചക്ക് ശേഷം മലമുകളിൽ നിന്ന് മഞ്ഞുരുകി ഏതു സമയത്തും വെള്ളം പാഞ്ഞു വന്നു റോഡ് മുറിച്ച് കടക്കും, വെള്ളത്തോടൊപ്പം വലിയ കല്ലുകളും ഉണ്ടാവും. ട്രക്കുകളുൾപ്പെടെയുള്ള വാഹനങ്ങളെയും മനുഷ്യരെയും പല തവണ ഇത് കൊണ്ട് പോയിട്ടുണ്ട്. ഞങ്ങൾ അപകടം കൂടാതെ പാഗൽ നാല കടന്നെങ്കിലും, ഞങ്ങളോടൊപ്പം ഏറ്റവും പുറകിലുണ്ടായിരുന്ന ബാക്കപ് വാൻ എത്തിയപ്പോൾ വെള്ളത്തിന്റെ നിരപ്പ് വല്ലാതെ ഉയർന്നതിനാൽ ക്രോസ്സ് ചെയ്യുവാൻ കഴിഞ്ഞില്ല. ജലനിരപ്പ് കുറയുന്നത് വരെ അവർക്ക് കാത്തിരിക്കേണ്ടി വന്നു .

അങ്ങിനെ സകല കടമ്പകളും അതിജീവിച്ച് വൈകുന്നേരത്തോട് കൂടി പാംഗോങ് തടാകത്തിലെത്തി. ഇതുവരെയുള്ള യാത്രാ ക്ലേശങ്ങളെ ഒറ്റ നിമിഷം കൊണ്ടലിയിക്കുന്നതായിരുന്നു മനോഹരമായ പാംഗോങ് തടാകത്തിന്റെ കാഴ്ച . എത്ര നോക്കി നിന്നാലും കണ്ണെടുക്കാൻ തോന്നാത്ത ആ ദൃശ്യ വിസ്മയം ക്യാമറയിലാക്കുവാൻ എല്ലാവരും മത്സരിക്കുകയായിരുന്നു 13900 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന 136 കി.മീ നീളമുള്ള തടാകത്തിന്റെ മൂന്നില് രണ്ടു ഭാഗം ചൈനയിലാണ്. ശൈത്യകാലത്ത് ഈ തടാകം തണുത്തുറഞ്ഞ് ഐസാകുമത്രേ. സൂര്യന്റെ ദിശ മാറുന്നതിനസുരിച്ച് തടാകത്തിനുണ്ടാകുന്ന നിറഭേദങ്ങൾ ഒരദ്ഭുതം തന്നെയാണ്. ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ ക്ളൈമാക്സ് ചിത്രീകരിക്കുവാൻ ഇത്രയും ദുഷ്കര പാതകൾ താണ്ടി ഇവിടെയെത്തിയ ആമിർ ഖാനെയും കൂട്ടരെയും കുറ്റം പറയാൻ പറ്റില്ല.

ഇന്നത്തെ താമസം തടാകത്തിനടുത്ത് തന്നെയുള്ള താത്കാലിക ടെന്റുകളിലാണ്. അസ്ഥി കോച്ചുന്ന തണുപ്പിൽ ഉറക്കം. അടുത്ത ദിവസത്തെ യാത്ര നൂബ്ര വാലിയിലേക്കാണ്. ഏകദേശം 170 കി മി യാത്രയുണ്ട്. ഇതായിരുന്നു ഈ യാത്രയിലെ ഏറ്റവും അപകടം പിടിച്ച റോഡ് എന്ന് വേണമെങ്കിൽ പറയാം. ലേയിലെ ടാക്‌സികൾ പോലും ഈ റോഡ് ഒഴിവാക്കുമത്രേ. പാംഗോക് തടാകത്തിൽ നിന്നും തിരിച്ചു ലേയിൽ വന്നിട്ടാണ് മിക്കവരും നൂബ്‌റ വാലിയിലേക്ക് പോകുക. അഡ്വഞ്ചറസ് ട്രിപ്പിന് വരുന്നവർ മാത്രം തിരഞ്ഞെടുക്കുന്ന റോഡ്. അപകടം നിറഞ്ഞ വാട്ടർ ക്രോസിങ്ങുകളും, ഉരുളൻ കല്ലുകളും പൂഴി മണലും മാത്രം നിറഞ്ഞ റോഡുകളും, കൊടിയ വളവുകളും നമ്മുടെ ഹൃദയമിടിപ്പ് ഉയർത്തുക തന്നെ ചെയ്യുമെന്ന കാര്യത്തിൽ സംശയം വേണ്ട.
 ഈ റോഡുകളിൽ ഒരുപാട് വർഷത്തെ അനുഭവ സമ്പത്തുള്ള ഞങ്ങളുടെ റ്റീം ക്യാപ്റ്റൻ പോലും നിയന്ത്രണം വിട്ടു വീണു എന്ന് പറയുമ്പോൾ തന്നെ ഊഹിച്ചു കൊള്ളുക. വീതി കുറഞ്ഞ കുത്തനെയുള്ള ഹെയർ പിന് വളവുകളൊന്നിൽ ഞങ്ങളും വീണു. കൊടും വളവു തിരിഞ്ഞു മുകളിലേക്ക് കയറുമ്പോൾ ഉരുളൻ കല്ലിൽ കയറി സ്കിഡ് ആകുകയായിരുന്നു. കൊക്കയുടെ വശത്തല്ലാതിരുന്നതിനാൽ വലിയൊരു അപകടത്തിൽ നിന്ന് രക്ഷപെട്ടു എന്ന് പറയാം. ഇത്തരമൊരു റൈഡിൽ, റൈഡിങ് ഗിയേഴ്സിന്റെ അത്യാവശ്യമെന്താണെന്നു ശരിക്കും മനസ്സിലായതന്നാണ്. ഒരു പോറൽ പോലുമില്ലാതെ ഞങ്ങൾ എണീറ്റു. തൊട്ടു പുറകിൽ വന്ന റൈഡേഴ്സിന്റെ സഹായത്തോടെ ബൈക്കുയർത്തി. വീണ്ടും യാത്ര തുടങ്ങി.

മുന്നോട്ടു പോകുന്തോറും റോഡിന്റെ അവസ്ഥ കൂടുതൽ പരുക്കനായി വരികയായിരുന്നു. പൂഴിമണൽ മാത്രം നിറഞ്ഞ റോഡിലെത്തിയപ്പോൾ വണ്ടി കയ്യിൽ നിന്ന് വഴുതുവാൻ തുടങ്ങി , അതും കയറ്റവും വളവും, രണ്ട് കാലും നിലത്ത് കുത്തി ഏറ്റവും കുറഞ്ഞ വേഗതയിലല്ലാതെ ഈ വഴി താണ്ടുവാൻ കഴിയില്ല. ആക്സിലറേറ്റർ അല്പം കൂട്ടിയാൽ, ബൈക് തെന്നി മറിയും. അങ്ങിനെ ഏറ്റവും ദുഷ്കരമായ റൈഡിനൊടുവിൽ വൈകുന്നേരത്തോടെ ഞങ്ങൾ നൂബ്‌റ വാലിയിലെത്തി

ലദ്ദാക്കിന്റെ പൂന്തോപ്പ് എന്നറിയപ്പെടുന്ന നുബ്ര വാലി സമുദ്രനിരപ്പിൽ നിന്നും 10000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. പൂക്കളുടെ താഴ്വാരമാണ് നുബ്രാ. ധാരാളമായി ആപ്പിളും ആപ്രിക്കോട്ടും വിളയുന്നു. ഷിയോക് നദിയുടെ തീരത്ത് കൂടിയുള്ള നുബ്ര വാലി യാത്ര ഒരനുഭവം തന്നെയാണ്. മനുഷ്യവാസം തീരെ കുറവായ മേഖലകള്. സിന്ധുവിന്റെ പോഷക നദിയായ ‘ഷിയോക്’ നുബ്ര വഴി പാകിസ്ഥാനിലേക്കാണ് ഒഴുകുന്നത്. ഒക്ടോബർ അവസാനിക്കുന്നതോടെ നദിയുടെ ഉപരിതലം തണുത്തുറഞ്ഞ് മഞ്ഞുകട്ടിയായി തീരുന്നു. ഇരട്ട കൂനുള്ള ഒട്ടകങ്ങളെ ഇവിടെ സവാരിക്ക് ലഭ്യമാണ്. ബാക്ട്രിയന് ഒട്ടകം എന്നാണ് ഇവ അറിയപ്പെടുന്നത്. കടുത്ത വംശ നാശ ഭീഷണി നേരിടുന്ന ഈ ഒട്ടകം ഭൂമിയിൽ ആയിരത്തിൽ താഴെ മാത്രമേ അവശേഷിക്കുന്നുള്ളത്രെ.

നുബ്രയിലെ രാത്രിയെ ആഘോഷ രാവാക്കി മാറ്റിയ ക്യാമ്പ് ഫയറിനു ശേഷം ഉറക്കത്തിലേക്ക്. യാത്ര തുടങ്ങിയിട്ട് ഇന്ന് 7 ദിവസം തികയുന്നു.അടുത്ത ദിവസത്തെ റൈഡിനായി രാവിലെ തന്നെ എല്ലാവരും തയ്യാറായി. ഇന്നാണ് ഞങ്ങളേവരും ആകാംഷയോടെ കാത്തിരുന്ന ആ സ്വപ്ന റൈഡ്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള മൊട്ടറബിൾ റോഡായ കാർഡുങ് ലാ പാസിലൂടെയുള്ള ബൈക് യാത്ര! നുബ്ര വാലിയിൽ നിന്ന് കാർഡുങ് ലാ വഴി തിരിച്ച് ലേയിലേക്ക്. ഏകദേശം 170 കി മി.


നുബ്രയിലെ പഴക്കമുള്ള ബുദ്ധവിഹാരങ്ങളിൽ ഒന്നായ ദിസ്‌കിത് മൊണാസ്ട്രിയിൽ ഒരു സന്ദർശത്തിനു ശേഷമാണ് യാത്ര തുടങ്ങിയത്.ഉള്ളിൽ ഫോട്ടോ എടുക്കാൻ സന്യാസിമാർ അനുവദിക്കില്ല. ബുദ്ധവിഹാരങ്ങളെക്കുറിച്ച് അറിയുവാൻ സ്വിറ്റസർലാന്റിൽ നിന്നും വന്ന ഒരു കൂട്ടം സഞ്ചാരികളും അവിടെയുണ്ടായിരുന്നു. ഇതിനടുത്ത് തന്നെയാണ് പാകിസ്ഥാന് അഭിമുഖമായി 32 മി ഉയരമുള്ള മൈത്രേയ ബുദ്ധന്റെ പ്രതിമ സ്ഥിതി ചെയ്യുന്നത്. ഗ്രാമത്തിന്റെ സംരക്ഷണം കൂടാതെ പാക്കിസ്ഥാനുമായി ഇനി യുദ്ധം ഉണ്ടാകാതിരിക്കുക, ലോകത്ത് സമാധാനം പുലരുക എന്നീ ലക്ഷ്യങ്ങളുമായി സ്ഥാപിച്ച ബുദ്ധ പ്രതിമ 2010 ജൂലൈ 25ന് തിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈലാമയാണ് ആശീർവദിച്ചത്.


അങ്ങിനെ കാർദുങ്ങ് ലാ ലക്ഷ്യമാക്കി ഞങ്ങൾ യാത്ര തുടങ്ങി. റോഡിന്റെ അവസ്ഥക്ക് വലിയ മാറ്റമൊന്നും ഇല്ല. കല്ലും, പൊടിയും, ചെളിയും നിറഞ്ഞ വീതി കുറഞ്ഞ പാതകൾ. മിലിറ്ററി ട്രക്കുകളുടെ വരവ് പലപ്പോഴും ഭയപ്പെടുത്തും. കൂടെയുള്ള റൈഡേഴ്സിൽ പലരും ഇടക്കിടക്ക് വീഴുന്നുണ്ടായിരുന്നു. വീഴ്ചക്ക് ശേഷം ഇനിയൊരടി ഞാൻ ബൈക്കിൽ യാത്ര ചെയ്യില്ല, മുൻപിലും ഇരിക്കില്ല പുറകിലും ഇരിക്കില്ല എന്ന് പറഞ്ഞ ഒരു പഞ്ചാബി സുഹൃത്തിനെ ഇപ്പോഴും ഓർക്കുന്നു.


അങ്ങിനെ കഠിന യാത്രക്കൊടുവിൽ സമുദ്രനിരപ്പിൽ നിന്നും 18,380 അടി ഉയരത്തിലുള്ള കാർഡുങ്ങ് ലാ യിൽ എത്തിച്ചേർന്നു. ലോകത്തിന്റെ ഉയരത്തിലെത്തിയ അനുഭൂതി. ഫോട്ടോ എടുക്കുവാൻ സഞ്ചാരികളുടെ തിരക്ക്. ആൾട്ടിറ്റിയൂഡ് സിക്നെസ്സ് വലിയ രീതിയിൽ തന്നെ ബാധിക്കുന്ന സ്ഥലമാണിവിടം. ആയതിനാൽ അധികം താമസം കൂടാതെ അവിടെ നിന്ന് ചുരമിറങ്ങി. ഇവിടെ നിന്ന് ഏകദേശം 40 കി മി മാത്രമേ ഉള്ളു ലേയിലെത്തുവാൻ. അങ്ങിനെ വൈകുന്നേരത്തോട് കൂടി ഇന്നത്തെ റൈഡിനു സമാപനമായി. ലേയിലെ ഹോട്ടലിൽ രാത്രി താമസം.


നാളെ ഞങ്ങൾ രണ്ട് ഗ്രൂപ്പായി തിരിയുകയാണ്. ശ്രീനഗറിലെ അവസ്ഥ അത്ര ശുഭകരമല്ലാത്തതിനാൽ അങ്ങോട്ട് പോകുവാൻ പലരും തയ്യാറായില്ല. എന്നാൽ ഭൂരിപക്ഷ തീരുമാനം ശ്രീനഗറിലേക്കു പോകുവാൻ തന്നെയായിരുന്നു. താല്പര്യമില്ലാത്തവർക്ക് തിരിച്ചു മണാലിയിലേക്ക് പോകുവാൻ ഒരു ട്രാവലർ ഏർപ്പാടാക്കി. മെക്കാനിക്കും , ക്യാപ്റ്റനും, ബാക്കപ് വാനും ഉൾപ്പെടെ ശ്രീനഗറിലേക്ക് പോകുന്നു. ഞങ്ങൾ തിരിച്ചു മണാലിയിലേക്കു തന്നെ പോകുവാൻ തീരുമാനിച്ചു. അങ്ങിനെ 8 ദിവസത്തെ ബൈക് റൈഡ് ഇവിടെ അവസാനിക്കുകയാണ്.


ഇത്രയും നാളും ഒരുമിച്ചുണ്ടായിരുന്ന പലരെയും വേർപിരിഞ്ഞപ്പോഴാണ് ആ സൗഹൃദ ബന്ധത്തിന്റെ ആഴം മനസ്സിലായത്. ദേശ ഭാഷാന്തരങ്ങൾക്ക് അതീതമായ ആ ബന്ധം ഇന്നും ഒരു ഞങ്ങൾ വാട്സാപ് ഗ്രൂപ്പിലൂടെ കാത്ത് സൂക്ഷിക്കുന്നു . രണ്ട് ദിവസത്തെ യാത്രക്കൊടുവിൽ തിരിച്ചു മണാലിയിൽ എത്തിച്ചേർന്നു. ഈ വഴികളിലൂടെ തന്നെയായാണോ റൈഡ് ചെയ്തതെന്ന് പലപ്പോഴും ഞങ്ങൾക്ക് വിശ്വസിക്കുവാൻ പ്രയാസമമായിരുന്നു. അങ്ങനെ പത്ത് ദിവസത്തെ സ്വപ്ന സഞ്ചാരം ഇവിടെ അവസാനിക്കുകയാണ്, ഇനിയും കാണാത്ത ഹിമാലയൻ പാതകളിലൂടെ ബുള്ളറ്റ് പായിക്കണമെന്ന പ്രതീക്ഷകളും സ്വപ്നങ്ങളുമായി.
 
 
 
 
 
 

Sunday, September 18, 2016

ഉയരങ്ങളിലേക്കൊരു ബുള്ളറ്റ് യാത്ര. Part 2

സർച്ചുവാണ് ഹിമാചല് പ്രദേശിന്റെ അതിർത്തി. ഇവിടെ നിന്നും ജമ്മു കാശ്മീർ തുടങ്ങുകയായി. ഭൂമിയിലെ സ്വർഗ്ഗത്തിലേക്കുള്ള പാത ഇവിടെ തുടങ്ങുന്നു. പ്രഭാത ഭക്ഷണത്തിനു ശേഷം സർച്ചുവിൽ നിന്നും 8 മണിയോട് കൂടി ഞങ്ങൾ യാത്ര തുടങ്ങി. ഡൽഹിയിൽ നിന്ന് വന്ന ഗ്രൂപ് കൂടി ഞങ്ങൾക്കൊപ്പം ചേർന്നതിനാൽ ഇനിയുള്ള യാത്രയിൽ ബുള്ളറ്റുകളുടെ ഒരു നീണ്ട നിര തന്നെയാണുള്ളത്. രണ്ട് മെക്കാനിക്കുകളും ഒരു ബാക്കപ് വാനും ഞങ്ങളോടോപ്പമുണ്ട്. അത്യാവശ്യം സ്പെയർ സ്പാർട്സുകളും, ടയറുകളും കരുതലായി ബാക്കപ് വാനിലുണ്ട്
ഇന്നത്തെ ലക്ഷ്യം 'ലേ’ ആണ്. ഏകദേശം 230 കി മി യാത്രയുണ്ട്. അധിക ദൂരമെത്തുന്നതിന് മുൻപ് തന്നെ ആദ്യ തടസ്സമെത്തി. ഞങ്ങൾക്ക് കടന്നു പോകേണ്ട ഒരു പാലം തകർന്നിരിക്കുന്നു, അറ്റകുറ്റ പണികൾ നടക്കുകയാണ്. പണി പൂർത്തിയാകാതെ മുൻപോട്ടു പോകാനാവില്ല. അവിടെയും ഒരു മണിക്കൂറോളം വഴിയോര നേരമ്പോക്കുകളുമായി കൂടി. ഓരോ ദിവസം ചെല്ലുന്തോറും വഴികളുടെ അവസ്ഥ തീർത്തും മോശമായി വരികയാണ്. ഇത് വരെയും മഴ പെയ്യാതിരുന്നത് മാത്രമാണ് ഏക ആശ്വാസം. അങ്ങിനെ സംഭവിച്ചിരുന്നെങ്കിൽ റോഡുകളുടെ അവസ്ഥ ഇതിലും കൂടുതൽ ശോചനീയമായേനെ.
സർച്ചുവിൽ നിന്ന് 54 കി മി പിന്നിട്ടാൽ ലാചുലുങ് ലാ ചുരം (Lachulung La) എത്തും. റോഡുകളുടെ അവസ്ഥയിൽ വലിയ മാറ്റമില്ല. ചുരമിറങ്ങി പാംഗിലെത്തിയാൽ പിന്നെ തരക്കേടില്ലാത്ത റോഡാണ്. പാംഗിൽ തുടങ്ങി ഏകദേശം 30-40 കി മി നീണ്ടു കിടക്കുന്ന മുറേ പ്ലയിന് എന്ന പീഠഭൂമിയിലൂടെയുള്ള യാത്ര ടൂ വീലർ പ്രേമികളെ അക്ഷരാർത്ഥത്തിൽ വിസ്മയിപ്പിക്കുക തന്നെ ചെയ്യും. രണ്ട് വശവും മനോഹരമായ മലനിരകളോട് കൂടിയതും, സാമാന്യം നിരപ്പായതും, ദൂരേക്ക് കാഴ്ച എത്തുന്നതുമായ ഈ വഴികൾ ലേ-മണാലി പാതയില് സുരക്ഷിതമായി വാഹനം പായിക്കാന് പറ്റിയ ഒരേ ഒരു ഭാഗമാണ്. 500 സിസി ബുള്ളറ്റിന്റെ സ്പീഡോമീറ്റർ 120 പിന്നിട്ടത് അറിഞ്ഞതേ ഇല്ല. എന്നാൽ സമതലത്തില് നിന്ന് പാത ചുരം കയറി തുടങ്ങിയതോടെ റോഡിന്റെ അവസ്ഥ വീണ്ടും മാറി തുടങ്ങി
പാംഗിൽ നിന്ന് 69 കിലോമീറ്റര് അകലെയായാണ് ടാങ് ലാങ് ലാ (Taglang La) ചുരം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില് നിന്ന് 5328 മീറ്റര് ഉയരത്തിലുള്ള ഈ റോഡിനു ഏറ്റവും ഉയരത്തിലൂടെ പോകുന്ന റോഡുകളില് ലോകത്ത് രണ്ടാം സ്ഥാനമാണ്. അകലെ മഴക്കാറ് കണ്ടതിനാൽ ചുരം കയറുന്നതിനു മുൻപേ, ക്യാപ്റ്റന്റെ നിർദ്ദേശപ്രകാരം എല്ലാവരും റെയിൻ കോട്ട് ധരിച്ചിരുന്നു. അതേതായാലും ഉപകാരപ്പെട്ടു, ടാങ് ലാങ് എത്തിയപ്പോൾ ശക്തമായ മഴ. മഴത്തുള്ളികൾക്കുപകരം ഐസ് കട്ടകളാണെന്നു മാത്രം. ഓക്സിജന്റെ അളവ് കുറവായതിനാൽ അധിക സമയം ഇവിടെ നിൽക്കുവാൻ കഴിയുകയില്ല. ചുരമിറങ്ങി യാത്ര തുടർന്നു
ടാങ് ലാങ് ലാ യിൽ നിന്നും ഏകദേശം 60 കി മി പിന്നിട്ടപ്പോൾ ഉപ്ഷി എന്ന ഗ്രാമമെത്തി. ആട്ടിടയന്മാരുടെ ഗ്രാമമാണ് ഉപ്ഷി. ഇവിടെ സിന്ധു നദി മുറിച്ച് കടക്കണം, അതിനു തൊട്ടു മുൻപ് ഒരു ചെക് പോസ്റ്റ് ഉണ്ട്. നദി മുറിച്ച് കടന്നാൽ കഴിഞ്ഞാൽ ഹൈവേ പോകുന്നത് സിന്ധു നദിയുടെ തീരത്ത് കൂടിയാണ്. ഉപ്ഷിയിൽ നിന്നും ഇടതു തിരിഞ്ഞാണ് പോകേണ്ടത്. വലത്തേക്കുള്ള വഴി ടിബറ്റൻ ഭാഗത്തേക്കുള്ളതാണ്. ഇവിടെ നിന്നും 50 കി മീറ്ററിൽ താഴെ ദൂരമേ ഉള്ളു ലേയിലേക്ക്. കരു എന്ന ഗ്രാമവും പിന്നിട്ടു ലെ യിലെ ഹോട്ടലിലെത്തുമ്പോൾ സൂര്യനസ്തമിച്ചിരുന്നു. അങ്ങിനെ മൂന്നാം ദിവസത്തെ റൈഡ് ഇവിടെ അവസാനിക്കുന്നു. നാലാം ദിവസം ഞങ്ങൾക്ക് വിട്ടു തന്നിരിക്കുകയാണ്. റൈഡില്ല, ഒരു ടാക്സിയെടുത്ത് ലേയിലെ പ്രധാന ആകർഷണ കേന്ദ്രങ്ങൾ സന്ദർശിക്കുവാൻ ഞങ്ങൾ തീരുമാനിച്ചു.
സമുദ്ര നിരപ്പിൽ നിന്നും 11500 അടി ഉയരത്തിൽ കാരക്കോറം ഹിമാലയന് മേഖലകളുടെ മധ്യത്തിലായി, സിന്ധു നദിയുടെ തീരത്താണ് ലദ്ദാക്കിലെ ‘ലെ’ എന്ന നഗരം സ്ഥിതി ചെയ്യുന്നത്. ടിബറ്റിൽ നിന്നും ഉദ്ഭവിക്കുന്ന സിന്ധു നദി ലദ്ദാക്കിലൂടെ പാകിസ്ഥാനിലേക്ക് ഒഴുകുന്നു. ബഹുഭൂരിപക്ഷം ജനതയും ബുദ്ധമത വിശ്വാസികളാണ്. പതിനാറ് പതിനേഴ് നൂറ്റാണ്ടുകളിലെ ബുദ്ധസ്മാരകങ്ങളാൽ സമ്പന്നമാണ് ലേ. ശീതകാലത്ത് താപനില -28 ഡിഗ്രി വരെ താഴാറുണ്ട്. മഞ്ഞുകാലം കഠിനമായാൽ സഞ്ചാരികള് കുറയും, ആ സമയം മിക്കവാറും കടകളും ഹോട്ടലുകളും അടച്ച് ഉടമകള് സ്വന്തം ഗ്രാമങ്ങളിലേക്ക് പോകുമത്രേ. ലേയില് പിന്നീട് അവശേഷിക്കുന്നത് കുറച്ച് കടകളും ഇന്ത്യന് ആർമിയും മാത്രം.
ടിബറ്റൻ ഭാഷയിൽ ‘ഗോംപ’ എന്ന പദത്തിനർത്ഥം ബുദ്ധമത വിഹാരം എന്നാണ്. പണ്ട് ടിബറ്റില് നിന്നും ലഡാക്കിലേക്ക് വന്ന ബുദ്ധ സന്യാസിമാർ ആദ്യകാലങ്ങളിൽ താമസിച്ചിരുന്നത് ഗുഹകളായിരുന്നു. പിന്നീട് ബുദ്ധമതം വളർന്നപ്പോൾ വലിയ കുന്നുകൾക്കു മുകളിൽ അവർ ഗോംപ എന്ന മൊണാസ്ട്രികൾ സ്ഥാപിച്ചു. ലദ്ദാക്കിലെ ബുദ്ധമത വിഹാരങ്ങളില്‍ വെച്ച് ഏറ്റവും മനോഹരം തിക്‌സെ (Thickse) യിലേതാണ്. ലെ നഗരത്തിൽ നിന്നും 20 കി മി അകലെയാണ് തിക്സേ ഗോംപ. പന്ത്രണ്ട് നിലകളുള്ള ഈ മൊണാസ്ട്രിയുടെ ഏറ്റവും വലിയ ആകർഷണം 15 മീറ്റർ ഉയരമുള്ള മൈത്രേയ ബുദ്ധന്റെ പ്രതിമയാണ്. ബുദ്ധമത വിശ്വാസപ്രകാരം ഗൗതമ ബുദ്ധന് ശേഷം ഭൂമിയിൽ ജനിക്കുവാനിരിക്കുന്ന അടുത്ത ബുദ്ധനാണ് മൈത്രേയൻ.
ആമിർ ഖാന്റെ ത്രീ ഇഡിയറ്റ്സ് എന്ന സിനിമയിലൂടെ പ്രശസ്തമായ ഡ്രിക് വൈറ്റ് ലോട്ടസ് സ്‌കൂൾ ലെ യിലെ മറ്റൊരു ആകർഷണമാണ്. റാഞ്ചോസ് സ്‌കൂൾ എന്നറിയപ്പെടുന്ന ഈ ബുദ്ധ വിദ്യാലയത്തിലെ കുട്ടികളുമായി സംസാരിക്കുവാനോ, ഫോട്ടോ എടുക്കുവാനോ സന്ദർശകർക്ക് അനുവാദമില്ല . ലദ്ദാക്ക് ജില്ലയിലെ ഒറ്റപ്പെട്ടു കിടക്കുന്ന ഗ്രാമങ്ങളിലെ കുട്ടികൾ ഇവിടെ താമസിച്ച് പഠിക്കുന്നു. ടിബറ്റൻ ബുദ്ധ സംസ്കാരം സംരക്ഷിക്കുന്നതിനായി തുടങ്ങിയ സ്‌കൂൾ ഇന്ന് ആഗോളതലത്തിൽ ഒരുപാട് അംഗീകാരവും പ്രശംസയും പിടിച്ച് പറ്റിയ ഒരു സ്‌കൂളായി മാറിയിരിക്കുന്നു.
ലെ -കാർഗിൽ റോഡിലുള്ള ഒരു സിഖ് ക്ഷേത്രമാണ് ‘ഗുരുദ്വാര പത്തർ സാഹിബ്’ . സിഖ് മത സ്ഥാപകനായ ഗുരു നാനാക്കിന്റെ ലെ സന്ദർശനവുമായി ചരിത്രപരമായി ഇത് ബന്ധപ്പെട്ടു കിടക്കുന്നു. ധ്യാനത്തിലിരുന്ന ഗുരുജിക്ക് നേരെ ഒരു ഭൂതം വലിയൊരു പാറക്കഷ്ണം എറിഞ്ഞെന്നും , എന്നാൽ ഗുരുജിയെ സ്പർശിച്ചപ്പോൾ പാറ വെറും മെഴുകു പോലെയായെന്നുമാണ് വിശ്വാസം. ഗുരുജിയുടെ രൂപം പതിഞ്ഞ ആ പാറക്കഷ്ണം ഇവിടെ ഇന്നും പവിത്രമായി സൂക്ഷിക്കുന്നു. ടിബറ്റൻ ബുദ്ധമത വിശ്വാസപ്രകാരം, ഗുരു നാനാക്കിനെ അവർ ഒരു വിശുദ്ധനായാണ് പരിഗണിക്കുന്നത്. തദ്ദേശീയർ അദ്ദേഹത്തെ ‘നാനാക് ലാമ’ എന്നാണത്രെ വിളിച്ചിരുന്നത്.
ഗുരുത്വാകർഷണ നിയമത്തിനെതിരായി നിർത്തിയിട്ടിരിക്കുന്ന വാഹനം മുകളിലേക്ക് കയറുന്ന മാഗ്നെറ്റിക് ഹിൽ ഇവിടുത്തെ മറ്റൊരു ആകർഷണമാണ്. സിന്ധു നദിയും സാൻസ്കാർ നദിയും കൂടിച്ചേരുന്ന സംഗമസ്ഥലം ഇവിടെ അടുത്താണ്. ക്യാൻവാസിൽ വരച്ചിട്ടിരിക്കുന്ന ഒരു ചിത്രം പോലെ നമ്മളെ അദ്ഭുതപ്പെടുത്തുന്ന മനോഹാരിത. ശീതകാലത്ത് തണുത്തുറയുന്ന സാൻസ്കാർ നദിയിലൂടെയുള്ള ട്രക്കിങ്ങിനെക്കുറിച്ച് വായിച്ചതോർമ്മ വന്നു, മഞ്ഞിൽ ഉറഞ്ഞു പോയ ഒരു വെള്ളച്ചാട്ടത്തിന്റെ ചിത്രവും.
ഇന്ത്യാ പാക് യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ട പട്ടാളക്കാരുടെ സ്മരണക്കായി ഇന്ത്യൻ ആർമി നിർമ്മിച്ച് പരിപാലിച്ച് പോരുന്ന ലെ എയർപോർട്ടിനടുത്തുള്ള ഒരു മ്യൂസിയമാണ് ഹാൾ ഓഫ് ഫെയീം. യുദ്ധത്തിൽ ഉപയോഗിച്ച ആയുധങ്ങൾ, യുദ്ധസമയത്തെ ചിത്രങ്ങൾ, വീഡിയോകൾ എല്ലാം ഇവിടെ പ്രദർശിപ്പിക്കുന്നു. ശത്രു സൈനികരേക്കാൾ ഇന്ത്യൻ ജവാന്മാർക്ക് ഈ സ്ഥലങ്ങളിൽ നേരിടുവാനുള്ളത് പ്രതികൂല കാലാവസ്ഥയാണ്. 'സ്നോ വാരിയേഴ്സ്' അല്ലെങ്കിൽ 'സ്നോ ടൈഗേഴ്സ്' എന്നറിയപ്പെടുന്ന ലദ്ദാക്കികളുടെ ഒരു സൈനിക വ്യൂഹം തന്നെ ഇന്ത്യൻ ആർമിയ്ക്കുണ്ട്. ശ്വാസവായു ലഭിക്കാത്ത, ഐസ് മൂടിയ, ഹിമാലയത്തിന്റെ ഉയരങ്ങളിൽ പട നയിക്കുവാൻ പോന്നവർ. ഇന്ത്യയുടെ യുദ്ധ വിജയങ്ങളിൽ ഇവരുടെ പങ്ക് ചെറുതല്ല.
സമയപരിമിതിക്കുള്ളിൽ കാണുവാൻ പറ്റുന്നത്ര സ്ഥലങ്ങൾ സന്ദർശിച്ച് ഞങ്ങൾ ഹോട്ടലിലേക്ക് മടങ്ങി.
അടുത്ത ദിവസത്തെ യാത്ര പാംഗോങ് തടാകത്തിലേക്കാണ്. ഇനിയുള്ള ദിവസങ്ങളിലെ യാത്രകളാണ് ശരിക്കും റൈഡിങ് സ്കിൽ അളക്കുവാൻ പോന്ന യാത്രകൾ. ലെ - പാന്ഗോങ് ലേക് - നൂബ്റ വാലി – ലെ, ഇതാണ് വഴികൾ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൊട്ടറബിൾ റോഡായ കാര്ഡുങ് ലാ യും ഞങ്ങൾക്ക് ഈ യാത്രയിൽ താണ്ടേതുണ്ട്. കഠിനയാത്രക്ക് മനസ്സ് കൊണ്ട് തയ്യാറെടുത്തു കൊണ്ടാണ് ഇന്നത്തെ ഉറക്കം..

Saturday, August 27, 2016

ഉയരങ്ങളിലേക്കൊരു ബുള്ളറ്റ് യാത്ര. Part 1

റോയൽ എൻഫീൽഡിലൊരു ഹിമാലയൻ യാത്ര!  ഏതൊരു യാത്രാ സ്നേഹിയുടെയും സ്വപ്നം!  അത് സഫലമായതിന്റെ ത്രില്ലിൽ ഒരു യാത്രാ വിവരണം എഴുതുവാൻ തുടങ്ങിയപ്പോൾ ആദ്യം തീരുമാനിച്ചത്, ഇത്തരമൊരു യാത്രക്ക് തയ്യാറെടുക്കുന്നവർ അറിഞ്ഞിരിക്കേണ്ട, അല്ലെങ്കിൽ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങൾ പരമാവധി ഉൾപ്പെടുത്തണം എന്നതായിരുന്നു. കഴിയാവുന്നത്ര നീതി പുലർത്തുവാൻ കഴിഞ്ഞിട്ടുണ്ട് എന്ന് കരുതുന്നു.


ഡെവിൾസ് ഓൺ വീൽസ് സംഘടിപ്പിച്ച 'മിഷൻ ലേ ലദ്ദാക്കിൽ' ജോയിൻ ചെയ്യുമ്പോൾ നിരവധി ട്രാവലോഗുകളിൽ വായിച്ചറിഞ്ഞ ഹിമാലയൻ റോഡുകളുടെ ചിത്രം മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളു. എന്നാൽ അക്ഷരങ്ങളുടെ ലോകമല്ല അനുഭവങ്ങളുടെ ലോകം എന്ന് നിരന്തരം ഓർമ്മിപ്പിച്ച പത്ത് ദിവസങ്ങൾ സമ്മാനിച്ച സാഹസികതയും, അദ്ഭുതവും, സന്തോഷവും, അതിലേറെ അഭിമാനവും മറ്റൊരു യാത്രയിലും ഇന്നോളം ലഭിച്ചിട്ടില്ല


മണാലി - കെയ്ലോങ് - സർച്ചു - ലേ - പാന്ഗോങ്  ലേക് - നുബ്ര വാലി - ലേ - കാർഗിൽ - ശ്രീനഗർ.  ഇതായിരുന്നു പത്ത് ദിവസം കൊണ്ട് ഞങ്ങൾക്ക് പൂർത്തിയാക്കേണ്ടിയിരുന്ന സ്ഥലങ്ങൾ. എന്നാൽ ശ്രീനഗറിലെ സംഘർഷങ്ങൾ  മൂലം, ലേ - കാർഗിൽ - ശ്രീനഗർ യാത്ര ഉപേക്ഷിച്ച് ലേയിൽ നിന്ന്  മണാലിയിലേക്കു തിരിച്ചു പോന്നത് ചെറിയൊരു നഷ്ടബോധം വരുത്തിയെന്നത് സത്യമാണ്. പക്ഷെ അതൊന്നും തന്നെ സാഹസിക യാത്രയുടെ മാറ്റു കുറക്കുവാൻ പര്യാപ്തമായിരുന്നില്ല


വർഷത്തിൽ പരമാവധി അഞ്ചു മാസം മാത്രം തുറക്കുന്ന റോഡാണ് മണാലി - ലേ ഹൈവെ. ഹിമാചൽ പ്രദേശിലെ കുളു ജില്ലയിലെ മണാലിയിൽ നിന്നും ആരംഭിച്ച് ജമ്മു കാശ്മീരിലെ ലഡാക്കിലെ ലേ വരെ നീണ്ടു കിടക്കുന്ന 490 കി മി ഹിമാലയന്പാത ഇന്ത്യൻ ആർമിയുടെ കീഴിലുള്ള ബോർഡർ റോഡ് ഓർഗനൈസേഷൻ (BRO) ആണ് നിർമ്മിച്ച് പരിപാലിച്ച് പോരുന്നത്.  കനത്ത മഞ്ഞു വീഴ്ച ആരംഭിക്കുന്ന ഒക്ടോബർ പകുതിയോടെ വഴി സഞ്ചാര യോഗ്യമല്ലാതാകും. അടുത്ത വേനലിൽ അറ്റകുറ്റപ്പണികളൊക്കെ നടത്തി മഞ്ഞു പാളികളൊക്കെ നീക്കം ചെയ്തു വരുമ്പോൾ ഏകദേശം മെയ്, ജൂണ്മാസം ആകും.പിന്നെ സഞ്ചാരികളുടെ പറുദീസയാണിവിടം.

മുദ്രനിരപ്പിൽ നിന്ന് ഏകദേശം  4000 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഹൈവേ 5,328 മീറ്റർ ഉയരത്തിലൂടെ വരെ കടന്നുപോകുന്നുണ്ട്. ലോകത്തിലെ ഏറ്റവും അപകടം പിടിച്ച റോഡുകളിൽ ഉയർന്ന സ്ഥാനമുള്ള ഈ ഹിമാലയൻ പാതയിലൂടെയുള്ള യാത്രാ ദൈർഘ്യം വളരെയധികമാണ്. മാത്രമല്ല ഇടയ്ക്കിടെയുണ്ടാകറുള്ള മഞ്ഞ് വീഴച മൂലം ദിവസങ്ങളോളം റോഡിൽ കാത്തിരിക്കേണ്ട അവസ്ഥയും ഉണ്ടാകാറുണ്ടത്രെ!

മണാലിയിൽ നിന്ന് യാത്ര തുടങ്ങുന്ന ഞങ്ങളുടെ ഗ്രൂപ്പിൽ ആകെ പതിനാലു പേരാണുള്ളത്. ഗുജറാത്തിൽ നിന്നും 6 പേരും, പഞ്ചാബിൽ നിന്ന് 4 പേരും, മുംബൈയിൽ നിന്ന് 2 പേരും പിന്നെ കേരളത്തിൽ നിന്ന് ഞാനും ഭാര്യയും. ഡൽഹിയിൽ നിന്ന് ബൈക്കിൽ യാത്ര തിരിച്ച 60 പേരടങ്ങുന്ന മറ്റൊരു ഗ്രൂപ്പ് സർച്ചുവിൽ വച്ച് ഞങ്ങൾക്കൊപ്പം ചേരുന്നതോടെ വലിയൊരു ഗ്രൂപ്പായി മാറും. ഏകദേശം നാല്പതിലേറെ ബൈക്കുകൾ  

മണാലിയിൽ ഞങ്ങൾ താമസിക്കുന്ന അതെ ഹോട്ടലിൽ തന്നെയാണ് ഞങ്ങളുടെ റ്റീം ക്യാപ്റ്റനായ പർദീപ് കുമാറും താമസിക്കുന്നത്. ഡിന്നറിനു ശേഷം അദ്ദേഹവുമായി ഒരു കൂടിക്കാഴ്ച. റോഡുകളെക്കുറിച്ചും, സ്വീകരിക്കേണ്ട മുൻകരുതലുകളും അദ്ദേഹം വിശദീകരിച്ചു. അദ്ദേഹം കാണിച്ച ചില വീഡിയോകൾ ഉള്ളിലൊരല്പം ഭയം ഉളവാക്കിയെന്നത് സത്യമാണ്. എങ്കിലും എക്കാലത്തെയും വലിയ ജീവിതാഭിലാഷം സാധിക്കുവാൻ പോകുന്നതിന്റെ ത്രില്ലിൽ അതൊക്കെയും ഞങ്ങളുടെ ആവേശം കൂട്ടുക തന്നെ ചെയ്തു.

അക്യൂട് മൗണ്ടൻ സിക്നസ് (AMS) ഈ യാത്രയിലെ പ്രധാനപ്പെട്ട ഒരു വില്ലനാണ്. സമുദ്രനിരപ്പിൽ നിന്നും ഉയരം കൂടുന്നതനുസരിച്ച് ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങളാണിത്. ശ്വാസതടസ്സം, തലവേദന, ഛർദ്ദി, മൂക്കിൽ നിന്നും രക്തം വരിക, ബോധക്ഷയം തുടങ്ങി പലതും സംഭവിച്ചെക്കാം. അതിനു വേണ്ട പ്രതിരോധ മരുന്നുകൾ യാത്രക്ക് രണ്ട് ദിവസം മുൻപേ കഴിക്കുവാൻ തുടങ്ങാം. എല്ലാ ദിവസവും പ്രഭാത ഭക്ഷണത്തിനു ശേഷം അത് നിർബന്ധവുമാണ്

അടുത്ത ദിവസം മണാലിയിൽ നിന്നും യാത്ര തിരിച്ച ഞങ്ങളുടെ ആദ്യ ഇടത്താവളം 126 കി മി അകലെയുള്ള കെയ്ലോങ്ങ്ആണ്. പാക്കേജ് അനുസരിച്ച് കെയ്ലൊങ്ങിലാണ് ഞങ്ങൾക്ക് ബൈക് ലഭിക്കുക. മണാലിയിൽ നിന്നും കെയ്ലോങ് വരെ ട്രാവലറിലാണ് യാത്ര. ക്യാപ്റ്റൻ ബൈക്കിലും.  എന്നാൽ ക്യാപ്റ്റനെ ട്രാവലറിൽ കയറ്റി, ബൈക് ഞങ്ങൾ തന്നെ മാറി ഓടിച്ചു. റോഡുകൾ പല സ്ഥലങ്ങളിലും തകർന്ന അവസ്ഥയിലാണ്. കുത്തനെയുള്ള കയറ്റങ്ങളും, ഇറക്കങ്ങളും, വീതി കുറഞ്ഞ് കല്ലും ചെളിയും നിറഞ്ഞ റോഡുകൾ, കൊടിയ വളവുകൾ.  വിചാരിച്ചതു പോലെയാവില്ല റോഡുകളിലെ യാത്ര എന്ന്  മനസ്സിലായിത്തുടങ്ങി.

സമുദ്ര നിരപ്പിൽ നിന്നു പതിമൂവായിരം അടി ഉയരത്തിലുള്ള റോഹ്താങ്ങ് പാസ്സ് കടന്നു വേണം കേയലോങ്ങില്എത്താൻ. റോഹ്താങ്ങ് എന്നാൽ ശവങ്ങളുടെ കൂമ്പാരം (pile of corpses) എന്നർത്ഥം. അപ്രതീക്ഷിത ഹിമപാതത്തിനും ഹിമവാതത്തിനും പേരുകേട്ട ഇവിടെ മരണപ്പെട്ടവരുടെ കണക്ക് തന്നെയായിരിക്കാം   പേരിനടിസ്ഥാനം. എങ്കിലും റോഹ്താങ് പകർന്നു നൽകുന്ന വിസ്മയ കാഴ്ചകൾ ഏതൊരാളുടെയും മനം കവരുമെന്ന കാര്യത്തിൽ സംശയം വേണ്ട.റോഹ്താംഗ് പാസിൽ നിന്ന് 19 കി മി അകലെയുള്ള ഗ്രാംഫുവിൽ നിന്നാണ് സ്പിതി വാലിയിലേക്ക് തിരിഞ്ഞ് പോകുന്നത്.

ഗ്രാംഫുവിൽ നിന്നും 20 കി മീറ്ററിനപ്പുറം, സമുദ്രനിരപ്പില്നിന്ന് 3100 മീറ്റർ ഉയരത്തിൽ, ചന്ദ്ര നദിക്കരയിൽ സ്ഥിതി ചെയ്യുന്ന സിസു  എന്ന ഗ്രാമവും പിന്നിട്ട് വൈകുന്നേരത്തോട് കൂടി ഞങ്ങൾ കെലോങ്ങിൽ എത്തിച്ചേർന്നു.  ഹോട്ടലിൽ ചെക് ഇൻ ചെയ്ത്, ബുള്ളറ്റിന്റെ  താക്കോൽ വാങ്ങി ഒരു ടെസ്റ്റ് റൈഡ് നടത്തി. ഒറ്റക്ക് പോകുന്നവർക്ക്  350 സിസി യും, രണ്ട് പേരുണ്ടെങ്കിൽ 500 സിസി യുമാണ് അനുവദിക്കുക. ഞങ്ങൾ 14 പേർക്ക് മൊത്തം ഏഴു 500 സിസി ബുള്ളറ്റുകൾ റെഡിയായിരുന്നു. "ഓം മണി പദ്മെ  ഹൂംഎന്ന ടിബറ്റൻ ബുദ്ധ മന്ത്രം പതിച്ച തോരണം ബൈക്കുകളിൽ കെട്ടിയിരിക്കുന്നു. ഹിമാലയൻ ചുരങ്ങൾ അപകടം കൂടാതെ താണ്ടുവാൻ ഇത് സഹായകമാകുമെന്നാണ് ഇവിടെയുള്ളവരുടെ വിശ്വാസം.

ലാഹോള്‍-സ്പിതി ജില്ലയുടെ ആസ്ഥാനമായ കെയ്ലോങ്, “മണാലി-ലെ”  യാത്രയിലെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ്. 'മൊണാസ്ട്രികളുടെ നാട്എന്ന് അപരനാമമുള്ള കെയ്ലോങ് സമുദ്ര നിരപ്പില്നിന്ന് 3350 മീറ്റർ ഉയരത്തില്സ്ഥിതി ചെയ്യുന്നു. ചരിത്രപ്രാധാന്യവുമുള്ള ബുദ്ധവിഹാരങ്ങൾ ചാരുത നൽകുന്ന  കെയ്ലോങ്ങ്ഒരുക്കിയ വിസ്മയ കാഴ്ചകൾ തന്നെയാവണം ദൈവങ്ങള്ഇവിടെ ഉറപ്പായും താമസിക്കുന്നുണ്ട്, മനുഷ്യർക്ക് ഇവിടെ ഇടമില്ല” എന്നെഴുതുവാൻ പ്രശസ്ത എഴുത്തുകാരന്റുഡ്യാർഡ്  കിപ്ലിംഗിനെ പ്രേരിപ്പിച്ചത്.

ഹോട്ടലിലെ രാത്രി ഭക്ഷണത്തിനു ശേഷം സുഖ ഉറക്കം. അടുത്ത ദിവസം യാത്ര ചെയ്യേണ്ടത് സർച്ചുവിലേക്കാണ്, ഏകദേശം 106 കി മി. എന്നാൽ റോഡിന്റെ അവസ്ഥ പരിതാപകരവും, അപകടകരവുമാണെന്നുള്ള മുന്നറിയിപ്പ് ക്യാപ്റ്റനിൽ നിന്ന് ലഭിച്ചിരുന്നു. മണാലിയിൽ നിന്നും പുറപ്പെട്ടാൽ പിന്നെ കെയ്ലോങ്ങിനടുത്തുള്ള ടാൻഡിയിലാണ് പെട്രോൾ പമ്പുള്ളത്. അത് കഴിഞ്ഞാൽ പിന്നെ 365 കി മി ദൂരത്തിനിടക്ക് പെട്രോൾ കിട്ടുകയില്ല. ബൈക് യാത്രക്കാർ കാനുകളിൽ പെട്രോൾ നിറച്ച് കൊണ്ട് പോകുന്നത് ഇവിടെ നിന്നാണ്.  രാവിലെ തന്നെ ഫുൾ ടാങ്ക് പെട്രോൾ നിറച്ച് യാത്ര തുടങ്ങി.

അധികദൂരം പോയില്ല, തൊട്ടു മുൻപിൽ പോയിരുന്ന ഗുജറാത്തി സുഹൃത്തിന്റെ വാഹനം പണി മുടക്കി.  ബ്രെക് പെട്ടെന്ന് ജാമാകുകയായിരുന്നു,  അതും അപകടം പിടിച്ച ഒരു വളവിൽ. ഭാഗ്യത്തിന് മറിഞ്ഞില്ല, സ്കിഡ് ആയെങ്കിലും സുഹൃത്തിന്റെ കൺട്രോളിൽ വണ്ടി നിന്നു. തൊട്ടു തൊട്ടില്ല എന്ന അകലത്തിൽ ഞങ്ങളും നിന്നു. രണ്ട് മണിക്കൂറെടുത്തു തകരാറു മാറ്റുവാൻ. കൊറിയോഗ്രാഫറായ പഞ്ചാബി സുഹൃത്തിനൊപ്പം വിജനമായ വഴിയോരത്ത് എല്ലാവരും ഹിന്ദി ഗാനങ്ങൾക്ക് ചുവട് വെച്ചപ്പോൾ, മറക്കാൻ പറ്റാത്ത അനുഭവമായി. സമയം പോയതും അറിഞ്ഞില്ല. അടുത്തുതന്നെ കണ്ട ഒരു ഹോട്ടലിൽ നിന്നും ആഹാരം കഴിച്ച് വീണ്ടും യാത്ര തുടങ്ങി.  ഈ യാത്രകളിൽ കൂടുതലും കഴിക്കുവാൻ കിട്ടുക മാഗിയും, ബ്രെഡ് ഓംലെറ്റും മാത്രമായിരിക്കും.

കേയലോങ്ങില്നിന്നു ഏകദേശം ഇരുപത്തിരണ്ടു് കിലോമീറ്റര്അകലെയാണ് ജിസ്പ.  മണാലി ലേ ഹൈവേയില്ആദ്യദിവസത്തെ താമസത്തിന് തിരഞ്ഞെടുക്കാവുന്ന മറ്റൊരു ഇടത്താവളം. ജിസ്പയിൽ നിന്നും കുറച്ചു കൂടി പോയാൽ ദർച്ച എത്തും, അവിടെ നിന്നും കയറ്റം തുടങ്ങുകയാണ്.  പതിനൊന്നായിരം അടി ഉയരത്തിലുള്ള ദർച്ചയില്നിന്നും പതിനാറായിരത്തി അഞ്ഞൂറിലേറെ അടി ഉയരത്തിലേക്ക്. ഏകദേശം 50 കി മി കഴിഞ്ഞാൽ ബാറ ലാചാ ലാ (Bara-lacha la) ചുരമെത്തും.

സമുദ്രനിരപ്പില്നിന്ന് 5,030 മീറ്റര്ഉയരത്തില്സ്ഥിതിചെയ്യുന്ന ചുരത്തിന്റെ  ഇരു വശങ്ങളില്നിന്നുമാണ് ഭാഗ നദിയും ചെനാബ് നദിയും ഉദ്ഭവിക്കുന്നത്. ഇവിടെ ഏറ്റവും കൂടുതൽ ഭയക്കേണ്ടത് വാട്ടർ ക്രോസിങ്ങുകളാണ്. മലമുകളിൽ നിന്നും മഞ്ഞുരുകി വരുന്ന വെള്ളം റോഡ് ക്രോസ് ചെയ്തു താഴേക്കൊഴുകുന്നു. അടിയിൽ ഉരുളൻ കല്ലുകൾ നിറഞ്ഞ വാട്ടർ ക്രോസിംഗുകളുടെ ആഴം അളക്കുക ബുദ്ധിമുട്ടാണ്, ചിലപ്പോൾ അരക്കൊപ്പം വെള്ളം വരെയുണ്ടാകാറുണ്ട്. ഒരുവശത്ത് അഗാധമായ കൊക്കയാണ്. അശ്രദ്ധമായ ഒരു നിമിഷം പോലും ജീവനപഹരിച്ചേക്കാം. അറിഞ്ഞതിലും വളരെ മോശവും, അപകടകരവും ആയിരുന്നു വഴികൾ. വൈകുന്നേരത്തോട് കൂടി ഞങ്ങൾ സർച്ചുവിലെത്തിച്ചെർന്നു. 

സമുദ്രനിരപ്പില്നിന്നും 4290 മീറ്റര്ഉയരത്തിലാണ് സർച്ചു. ഇവിടെ ഞങ്ങളുടെ താമസം താത്കാലിക ടെന്റുകളിലാണ് അന്തരീക്ഷത്തിൽ ഓക്സിജന്റെ അളവ് വളരെ കുറവും. ശക്തമായ ശീതക്കാറ്റിൽ ടെന്റുകൾ ആടിയുലയുകയാണ്. താപനില 2 ഡിഗ്രി സെൽഷ്യസാണ്. കൊടും തണുപ്പിന് മുൻപിൽ തെർമൽ വെയറുകൾ പലപ്പോഴും നിഷ്പ്രഭമാകുന്നു. ശീതകാലത്ത് താപനില മൈനസ് 35 ഡിഗ്രിവരെ വരെയെത്തുമത്രേ. ചൂട് വെള്ളം കിട്ടില്ല.  വൈദ്യുതി കുറച്ചു സമയത്തേക്കെ ലഭ്യമുള്ളൂ, താത്കാലിക ജെനെറേറ്ററുകളാണ് ഉപയോഗിക്കുന്നത്. എന്ത് കൊണ്ടാണ് ടോർച്ച് കയ്യിൽ കരുതണമെന്ന നിർദ്ദേശം ലഭിച്ചതെന്ന് ഇപ്പോഴാണ്  മനസ്സിലായത്.  പ്രതിരോധ മരുന്നുകൾ എല്ലാവരും രാവിലെ കഴിച്ചിരുന്നെങ്കിലും, കൂട്ടത്തിൽ പലർക്കും ആൾട്ടിറ്റ്യുഡ് സിക്നസ്സിന്റെ ലക്ഷണങ്ങൾ കണ്ട് തുടങ്ങി. പലരും ഛർദ്ദിച്ചു ക്ഷീണിതരായി.
 
അങ്ങിനെ രണ്ടാമത്തെ ദിവസത്തെ യാത്ര ഇവിടെ അവസാനിക്കുകയാണ്. നാളത്തെ യാത്ര ‘ലെ’ യിലേക്കാണ്.