Sunday, September 18, 2016

ഉയരങ്ങളിലേക്കൊരു ബുള്ളറ്റ് യാത്ര. Part 2

സർച്ചുവാണ് ഹിമാചല് പ്രദേശിന്റെ അതിർത്തി. ഇവിടെ നിന്നും ജമ്മു കാശ്മീർ തുടങ്ങുകയായി. ഭൂമിയിലെ സ്വർഗ്ഗത്തിലേക്കുള്ള പാത ഇവിടെ തുടങ്ങുന്നു. പ്രഭാത ഭക്ഷണത്തിനു ശേഷം സർച്ചുവിൽ നിന്നും 8 മണിയോട് കൂടി ഞങ്ങൾ യാത്ര തുടങ്ങി. ഡൽഹിയിൽ നിന്ന് വന്ന ഗ്രൂപ് കൂടി ഞങ്ങൾക്കൊപ്പം ചേർന്നതിനാൽ ഇനിയുള്ള യാത്രയിൽ ബുള്ളറ്റുകളുടെ ഒരു നീണ്ട നിര തന്നെയാണുള്ളത്. രണ്ട് മെക്കാനിക്കുകളും ഒരു ബാക്കപ് വാനും ഞങ്ങളോടോപ്പമുണ്ട്. അത്യാവശ്യം സ്പെയർ സ്പാർട്സുകളും, ടയറുകളും കരുതലായി ബാക്കപ് വാനിലുണ്ട്
ഇന്നത്തെ ലക്ഷ്യം 'ലേ’ ആണ്. ഏകദേശം 230 കി മി യാത്രയുണ്ട്. അധിക ദൂരമെത്തുന്നതിന് മുൻപ് തന്നെ ആദ്യ തടസ്സമെത്തി. ഞങ്ങൾക്ക് കടന്നു പോകേണ്ട ഒരു പാലം തകർന്നിരിക്കുന്നു, അറ്റകുറ്റ പണികൾ നടക്കുകയാണ്. പണി പൂർത്തിയാകാതെ മുൻപോട്ടു പോകാനാവില്ല. അവിടെയും ഒരു മണിക്കൂറോളം വഴിയോര നേരമ്പോക്കുകളുമായി കൂടി. ഓരോ ദിവസം ചെല്ലുന്തോറും വഴികളുടെ അവസ്ഥ തീർത്തും മോശമായി വരികയാണ്. ഇത് വരെയും മഴ പെയ്യാതിരുന്നത് മാത്രമാണ് ഏക ആശ്വാസം. അങ്ങിനെ സംഭവിച്ചിരുന്നെങ്കിൽ റോഡുകളുടെ അവസ്ഥ ഇതിലും കൂടുതൽ ശോചനീയമായേനെ.
സർച്ചുവിൽ നിന്ന് 54 കി മി പിന്നിട്ടാൽ ലാചുലുങ് ലാ ചുരം (Lachulung La) എത്തും. റോഡുകളുടെ അവസ്ഥയിൽ വലിയ മാറ്റമില്ല. ചുരമിറങ്ങി പാംഗിലെത്തിയാൽ പിന്നെ തരക്കേടില്ലാത്ത റോഡാണ്. പാംഗിൽ തുടങ്ങി ഏകദേശം 30-40 കി മി നീണ്ടു കിടക്കുന്ന മുറേ പ്ലയിന് എന്ന പീഠഭൂമിയിലൂടെയുള്ള യാത്ര ടൂ വീലർ പ്രേമികളെ അക്ഷരാർത്ഥത്തിൽ വിസ്മയിപ്പിക്കുക തന്നെ ചെയ്യും. രണ്ട് വശവും മനോഹരമായ മലനിരകളോട് കൂടിയതും, സാമാന്യം നിരപ്പായതും, ദൂരേക്ക് കാഴ്ച എത്തുന്നതുമായ ഈ വഴികൾ ലേ-മണാലി പാതയില് സുരക്ഷിതമായി വാഹനം പായിക്കാന് പറ്റിയ ഒരേ ഒരു ഭാഗമാണ്. 500 സിസി ബുള്ളറ്റിന്റെ സ്പീഡോമീറ്റർ 120 പിന്നിട്ടത് അറിഞ്ഞതേ ഇല്ല. എന്നാൽ സമതലത്തില് നിന്ന് പാത ചുരം കയറി തുടങ്ങിയതോടെ റോഡിന്റെ അവസ്ഥ വീണ്ടും മാറി തുടങ്ങി
പാംഗിൽ നിന്ന് 69 കിലോമീറ്റര് അകലെയായാണ് ടാങ് ലാങ് ലാ (Taglang La) ചുരം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില് നിന്ന് 5328 മീറ്റര് ഉയരത്തിലുള്ള ഈ റോഡിനു ഏറ്റവും ഉയരത്തിലൂടെ പോകുന്ന റോഡുകളില് ലോകത്ത് രണ്ടാം സ്ഥാനമാണ്. അകലെ മഴക്കാറ് കണ്ടതിനാൽ ചുരം കയറുന്നതിനു മുൻപേ, ക്യാപ്റ്റന്റെ നിർദ്ദേശപ്രകാരം എല്ലാവരും റെയിൻ കോട്ട് ധരിച്ചിരുന്നു. അതേതായാലും ഉപകാരപ്പെട്ടു, ടാങ് ലാങ് എത്തിയപ്പോൾ ശക്തമായ മഴ. മഴത്തുള്ളികൾക്കുപകരം ഐസ് കട്ടകളാണെന്നു മാത്രം. ഓക്സിജന്റെ അളവ് കുറവായതിനാൽ അധിക സമയം ഇവിടെ നിൽക്കുവാൻ കഴിയുകയില്ല. ചുരമിറങ്ങി യാത്ര തുടർന്നു
ടാങ് ലാങ് ലാ യിൽ നിന്നും ഏകദേശം 60 കി മി പിന്നിട്ടപ്പോൾ ഉപ്ഷി എന്ന ഗ്രാമമെത്തി. ആട്ടിടയന്മാരുടെ ഗ്രാമമാണ് ഉപ്ഷി. ഇവിടെ സിന്ധു നദി മുറിച്ച് കടക്കണം, അതിനു തൊട്ടു മുൻപ് ഒരു ചെക് പോസ്റ്റ് ഉണ്ട്. നദി മുറിച്ച് കടന്നാൽ കഴിഞ്ഞാൽ ഹൈവേ പോകുന്നത് സിന്ധു നദിയുടെ തീരത്ത് കൂടിയാണ്. ഉപ്ഷിയിൽ നിന്നും ഇടതു തിരിഞ്ഞാണ് പോകേണ്ടത്. വലത്തേക്കുള്ള വഴി ടിബറ്റൻ ഭാഗത്തേക്കുള്ളതാണ്. ഇവിടെ നിന്നും 50 കി മീറ്ററിൽ താഴെ ദൂരമേ ഉള്ളു ലേയിലേക്ക്. കരു എന്ന ഗ്രാമവും പിന്നിട്ടു ലെ യിലെ ഹോട്ടലിലെത്തുമ്പോൾ സൂര്യനസ്തമിച്ചിരുന്നു. അങ്ങിനെ മൂന്നാം ദിവസത്തെ റൈഡ് ഇവിടെ അവസാനിക്കുന്നു. നാലാം ദിവസം ഞങ്ങൾക്ക് വിട്ടു തന്നിരിക്കുകയാണ്. റൈഡില്ല, ഒരു ടാക്സിയെടുത്ത് ലേയിലെ പ്രധാന ആകർഷണ കേന്ദ്രങ്ങൾ സന്ദർശിക്കുവാൻ ഞങ്ങൾ തീരുമാനിച്ചു.
സമുദ്ര നിരപ്പിൽ നിന്നും 11500 അടി ഉയരത്തിൽ കാരക്കോറം ഹിമാലയന് മേഖലകളുടെ മധ്യത്തിലായി, സിന്ധു നദിയുടെ തീരത്താണ് ലദ്ദാക്കിലെ ‘ലെ’ എന്ന നഗരം സ്ഥിതി ചെയ്യുന്നത്. ടിബറ്റിൽ നിന്നും ഉദ്ഭവിക്കുന്ന സിന്ധു നദി ലദ്ദാക്കിലൂടെ പാകിസ്ഥാനിലേക്ക് ഒഴുകുന്നു. ബഹുഭൂരിപക്ഷം ജനതയും ബുദ്ധമത വിശ്വാസികളാണ്. പതിനാറ് പതിനേഴ് നൂറ്റാണ്ടുകളിലെ ബുദ്ധസ്മാരകങ്ങളാൽ സമ്പന്നമാണ് ലേ. ശീതകാലത്ത് താപനില -28 ഡിഗ്രി വരെ താഴാറുണ്ട്. മഞ്ഞുകാലം കഠിനമായാൽ സഞ്ചാരികള് കുറയും, ആ സമയം മിക്കവാറും കടകളും ഹോട്ടലുകളും അടച്ച് ഉടമകള് സ്വന്തം ഗ്രാമങ്ങളിലേക്ക് പോകുമത്രേ. ലേയില് പിന്നീട് അവശേഷിക്കുന്നത് കുറച്ച് കടകളും ഇന്ത്യന് ആർമിയും മാത്രം.
ടിബറ്റൻ ഭാഷയിൽ ‘ഗോംപ’ എന്ന പദത്തിനർത്ഥം ബുദ്ധമത വിഹാരം എന്നാണ്. പണ്ട് ടിബറ്റില് നിന്നും ലഡാക്കിലേക്ക് വന്ന ബുദ്ധ സന്യാസിമാർ ആദ്യകാലങ്ങളിൽ താമസിച്ചിരുന്നത് ഗുഹകളായിരുന്നു. പിന്നീട് ബുദ്ധമതം വളർന്നപ്പോൾ വലിയ കുന്നുകൾക്കു മുകളിൽ അവർ ഗോംപ എന്ന മൊണാസ്ട്രികൾ സ്ഥാപിച്ചു. ലദ്ദാക്കിലെ ബുദ്ധമത വിഹാരങ്ങളില്‍ വെച്ച് ഏറ്റവും മനോഹരം തിക്‌സെ (Thickse) യിലേതാണ്. ലെ നഗരത്തിൽ നിന്നും 20 കി മി അകലെയാണ് തിക്സേ ഗോംപ. പന്ത്രണ്ട് നിലകളുള്ള ഈ മൊണാസ്ട്രിയുടെ ഏറ്റവും വലിയ ആകർഷണം 15 മീറ്റർ ഉയരമുള്ള മൈത്രേയ ബുദ്ധന്റെ പ്രതിമയാണ്. ബുദ്ധമത വിശ്വാസപ്രകാരം ഗൗതമ ബുദ്ധന് ശേഷം ഭൂമിയിൽ ജനിക്കുവാനിരിക്കുന്ന അടുത്ത ബുദ്ധനാണ് മൈത്രേയൻ.
ആമിർ ഖാന്റെ ത്രീ ഇഡിയറ്റ്സ് എന്ന സിനിമയിലൂടെ പ്രശസ്തമായ ഡ്രിക് വൈറ്റ് ലോട്ടസ് സ്‌കൂൾ ലെ യിലെ മറ്റൊരു ആകർഷണമാണ്. റാഞ്ചോസ് സ്‌കൂൾ എന്നറിയപ്പെടുന്ന ഈ ബുദ്ധ വിദ്യാലയത്തിലെ കുട്ടികളുമായി സംസാരിക്കുവാനോ, ഫോട്ടോ എടുക്കുവാനോ സന്ദർശകർക്ക് അനുവാദമില്ല . ലദ്ദാക്ക് ജില്ലയിലെ ഒറ്റപ്പെട്ടു കിടക്കുന്ന ഗ്രാമങ്ങളിലെ കുട്ടികൾ ഇവിടെ താമസിച്ച് പഠിക്കുന്നു. ടിബറ്റൻ ബുദ്ധ സംസ്കാരം സംരക്ഷിക്കുന്നതിനായി തുടങ്ങിയ സ്‌കൂൾ ഇന്ന് ആഗോളതലത്തിൽ ഒരുപാട് അംഗീകാരവും പ്രശംസയും പിടിച്ച് പറ്റിയ ഒരു സ്‌കൂളായി മാറിയിരിക്കുന്നു.
ലെ -കാർഗിൽ റോഡിലുള്ള ഒരു സിഖ് ക്ഷേത്രമാണ് ‘ഗുരുദ്വാര പത്തർ സാഹിബ്’ . സിഖ് മത സ്ഥാപകനായ ഗുരു നാനാക്കിന്റെ ലെ സന്ദർശനവുമായി ചരിത്രപരമായി ഇത് ബന്ധപ്പെട്ടു കിടക്കുന്നു. ധ്യാനത്തിലിരുന്ന ഗുരുജിക്ക് നേരെ ഒരു ഭൂതം വലിയൊരു പാറക്കഷ്ണം എറിഞ്ഞെന്നും , എന്നാൽ ഗുരുജിയെ സ്പർശിച്ചപ്പോൾ പാറ വെറും മെഴുകു പോലെയായെന്നുമാണ് വിശ്വാസം. ഗുരുജിയുടെ രൂപം പതിഞ്ഞ ആ പാറക്കഷ്ണം ഇവിടെ ഇന്നും പവിത്രമായി സൂക്ഷിക്കുന്നു. ടിബറ്റൻ ബുദ്ധമത വിശ്വാസപ്രകാരം, ഗുരു നാനാക്കിനെ അവർ ഒരു വിശുദ്ധനായാണ് പരിഗണിക്കുന്നത്. തദ്ദേശീയർ അദ്ദേഹത്തെ ‘നാനാക് ലാമ’ എന്നാണത്രെ വിളിച്ചിരുന്നത്.
ഗുരുത്വാകർഷണ നിയമത്തിനെതിരായി നിർത്തിയിട്ടിരിക്കുന്ന വാഹനം മുകളിലേക്ക് കയറുന്ന മാഗ്നെറ്റിക് ഹിൽ ഇവിടുത്തെ മറ്റൊരു ആകർഷണമാണ്. സിന്ധു നദിയും സാൻസ്കാർ നദിയും കൂടിച്ചേരുന്ന സംഗമസ്ഥലം ഇവിടെ അടുത്താണ്. ക്യാൻവാസിൽ വരച്ചിട്ടിരിക്കുന്ന ഒരു ചിത്രം പോലെ നമ്മളെ അദ്ഭുതപ്പെടുത്തുന്ന മനോഹാരിത. ശീതകാലത്ത് തണുത്തുറയുന്ന സാൻസ്കാർ നദിയിലൂടെയുള്ള ട്രക്കിങ്ങിനെക്കുറിച്ച് വായിച്ചതോർമ്മ വന്നു, മഞ്ഞിൽ ഉറഞ്ഞു പോയ ഒരു വെള്ളച്ചാട്ടത്തിന്റെ ചിത്രവും.
ഇന്ത്യാ പാക് യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ട പട്ടാളക്കാരുടെ സ്മരണക്കായി ഇന്ത്യൻ ആർമി നിർമ്മിച്ച് പരിപാലിച്ച് പോരുന്ന ലെ എയർപോർട്ടിനടുത്തുള്ള ഒരു മ്യൂസിയമാണ് ഹാൾ ഓഫ് ഫെയീം. യുദ്ധത്തിൽ ഉപയോഗിച്ച ആയുധങ്ങൾ, യുദ്ധസമയത്തെ ചിത്രങ്ങൾ, വീഡിയോകൾ എല്ലാം ഇവിടെ പ്രദർശിപ്പിക്കുന്നു. ശത്രു സൈനികരേക്കാൾ ഇന്ത്യൻ ജവാന്മാർക്ക് ഈ സ്ഥലങ്ങളിൽ നേരിടുവാനുള്ളത് പ്രതികൂല കാലാവസ്ഥയാണ്. 'സ്നോ വാരിയേഴ്സ്' അല്ലെങ്കിൽ 'സ്നോ ടൈഗേഴ്സ്' എന്നറിയപ്പെടുന്ന ലദ്ദാക്കികളുടെ ഒരു സൈനിക വ്യൂഹം തന്നെ ഇന്ത്യൻ ആർമിയ്ക്കുണ്ട്. ശ്വാസവായു ലഭിക്കാത്ത, ഐസ് മൂടിയ, ഹിമാലയത്തിന്റെ ഉയരങ്ങളിൽ പട നയിക്കുവാൻ പോന്നവർ. ഇന്ത്യയുടെ യുദ്ധ വിജയങ്ങളിൽ ഇവരുടെ പങ്ക് ചെറുതല്ല.
സമയപരിമിതിക്കുള്ളിൽ കാണുവാൻ പറ്റുന്നത്ര സ്ഥലങ്ങൾ സന്ദർശിച്ച് ഞങ്ങൾ ഹോട്ടലിലേക്ക് മടങ്ങി.
അടുത്ത ദിവസത്തെ യാത്ര പാംഗോങ് തടാകത്തിലേക്കാണ്. ഇനിയുള്ള ദിവസങ്ങളിലെ യാത്രകളാണ് ശരിക്കും റൈഡിങ് സ്കിൽ അളക്കുവാൻ പോന്ന യാത്രകൾ. ലെ - പാന്ഗോങ് ലേക് - നൂബ്റ വാലി – ലെ, ഇതാണ് വഴികൾ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൊട്ടറബിൾ റോഡായ കാര്ഡുങ് ലാ യും ഞങ്ങൾക്ക് ഈ യാത്രയിൽ താണ്ടേതുണ്ട്. കഠിനയാത്രക്ക് മനസ്സ് കൊണ്ട് തയ്യാറെടുത്തു കൊണ്ടാണ് ഇന്നത്തെ ഉറക്കം..

2 comments:

  1. എങ്ങനെയെങ്കിലും ഒരു ഹിമാലയൻ ട്രിപ് നടത്താൻ തോന്നിപ്പിക്കുന്ന രീതിയിലുള്ള മനോഹരചിത്രങ്ങളും,വിവരണങ്ങളും.ബാക്കി വായിക്കട്ടെ.



    ReplyDelete