Saturday, October 1, 2016

ഉയരങ്ങളിലേക്കൊരു ബുള്ളറ്റ് യാത്ര. Part 3 (അവസാനഭാഗം)

‘ലേ’ യിലെ പ്രഭാത ഭക്ഷണത്തിനു ശേഷം എല്ലാവരും റൈഡിന് തയ്യാറായി. ഏറ്റവും അപകടം പിടിച്ച വഴികളിലൂടെയാണ് ഇന്നത്തെ യാത്ര. പാംഗോങിൽ ശക്തമായ മഴ പെയ്യുകയാണെന്ന തദ്ദേശീയരുടെ മുന്നറിയിപ്പ് കൂടി കേട്ടപ്പോൾ ആശങ്ക ഇരട്ടിയായി. ലേയിൽ നിന്ന് പെട്രോൾ നിറച്ച് യാത്ര തുടങ്ങി. മണാലി-ലേ ഹൈവേയിലെ കരു എന്ന സ്ഥലത്ത് നിന്നാണ് പാംഗോങ്ങിലെക്ക് തിരിയുന്നത്. ഏകദേശം 150 കി മി ആണ് ഇന്ന് സഞ്ചരിക്കേണ്ടത്.

അധികദൂരമെത്തിയില്ല ആദ്യത്തെ കടമ്പ എത്തി. കുണ്ടും കുഴികളുമുള്ള കുത്തനെയുള്ള കയറ്റം. വെറും മൺവഴിയാണ്. കയറ്റം കയറുന്നതിനു മുൻപ് തന്നെ, വരാൻ പോകുന്ന അപകടങ്ങളെക്കുറിച്ച് ക്യാപ്റ്റന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. ഓരോരുത്തരായി ബൈക് മുന്നോട്ടെടുത്തു തുടങ്ങി. 200 മീ പിന്നിട്ടുകാണും, മുന്നിൽ പോയ സർദാർജി ബൈക്കുമായി മറിഞ്ഞുവീണു. എനിക്ക് മുൻപോട്ട് പോകാൻ വയ്യാത്ത അവസ്ഥ. അത്തരമൊരു കയറ്റത്തു ബൈക് പിടിച്ചു നിർത്തുക എന്നത് വളരെ വിഷമകരമായിരുന്നു. ഭാര്യയോട് പെട്ടെന്ന് തന്നെ ഇറങ്ങുവാൻ ആവശ്യപ്പെട്ടു. പിന്നെ നേരിയ ഒരു വഴിച്ചാലിലൂടെ ഒറ്റക്ക് ബൈക്കുമായി മുന്നോട്ട്. അല്പം നിരപ്പെന്ന് തോന്നിയ സ്ഥലത്ത് വണ്ടി നിർത്തി. അപ്പോഴേക്കും സർദാർജി ബൈക് ഉയർത്തിയെടുത്തിരുന്നു.

പിന്നീട് ഭാര്യയെയും കയറ്റി വീണ്ടും കയറ്റം തുടങ്ങി. തെന്നിയും , ചാടിയും ഒരു വിധത്തിൽ ആ കയറ്റം തരണം ചെയ്തു വലിയ തരക്കേടില്ലാത്ത റോഡിലെത്തി. ഞങ്ങൾക്ക് മുൻപേ എത്തിയവർ അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഇനിയും ഒരുപാട് പേര് വരാനുള്ളതിനാൽ ഞങ്ങളും അവിടെ തന്നെ കൂടി. പലരും ആ വഴിയിൽ വീണു. പൂനെയിൽ നിന്നും വന്ന ഒരു ഡോക്ടർക്കും ഭാര്യക്കുമാണ് വീഴ്ച ഏറ്റവുമധികം ബാധിച്ചത്. ഡോക്ടറുടെ ഭാര്യ പിന്നീടുള്ള യാത്രയിൽ ബാക്കപ് വാനിലാണ് യാത്ര ചെയ്തത്.

കരുവിൽ നിന്നും ഏകദേശം 50 കി മി കഴിഞ്ഞാൽ ചാങ്ലാ ചുരം എത്തും. സമുദ്ര നിരപ്പിൽ നിന്നും 17590 അടി ഉയരത്തിലുള്ള ചാങ് ലാ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള മൂന്നാമത്തെ മൊട്ടറബിൾ റോഡാണ്. ചുരത്തിന് മുകളില് വഴിയരുകിലെ ദൈവിക രക്ഷകനായ ചാങ്ലാ ബാബയുടെ ക്ഷേത്രം. ചുരമിറങ്ങി യാത്ര തുടർന്നു. ഇവിടെയും വാട്ടർ ക്രോസിങ്ങുകൾ നിരവധിയുണ്ട്. മോശം റോഡിൽ നിന്നും ഇടക്കൊക്കെ നല്ല റോഡുകൾ കിട്ടുമ്പോൾ പലപ്പോഴും ആവേശത്തിൽ വേഗത കൂടാറുണ്ട്. എന്നാൽ പലരെയും ഇത് അപകടത്തിൽ കൊണ്ടെത്തിച്ചു. കൊടിയ വളവുകളിൽ നിയന്ത്രണം കിട്ടാതെ പലരും ബൈക്കുമായി റോഡിൽ നിന്നും തെന്നി മാറി കല്ലുകൾക്കിടയിലേക്ക് പാഞ്ഞു. ചെളി മാത്രം നിറഞ്ഞ റോഡുകളും ഇടക്ക് യാത്ര തടസ്സം ഉണ്ടാക്കി. മുൻപ് പോയ ബൈക്കിനെ പിന്തുടർന്നു പോയെങ്കിലും പലപ്പോഴും വണ്ടി തെന്നുന്നുണ്ടായിരുന്നു.

പാംഗോങ് തടാകത്തിലെത്തുന്നതിനു മുൻപാണ് "പാഗൽ നാലാ" (ഭ്രാന്തൻ ഉറവ) എന്ന വാട്ടർ ക്രോസിംഗ്. രാവിലെ ഇവിടെ വെള്ളം കുറവായിരിക്കും, ഉച്ചക്ക് ശേഷം മലമുകളിൽ നിന്ന് മഞ്ഞുരുകി ഏതു സമയത്തും വെള്ളം പാഞ്ഞു വന്നു റോഡ് മുറിച്ച് കടക്കും, വെള്ളത്തോടൊപ്പം വലിയ കല്ലുകളും ഉണ്ടാവും. ട്രക്കുകളുൾപ്പെടെയുള്ള വാഹനങ്ങളെയും മനുഷ്യരെയും പല തവണ ഇത് കൊണ്ട് പോയിട്ടുണ്ട്. ഞങ്ങൾ അപകടം കൂടാതെ പാഗൽ നാല കടന്നെങ്കിലും, ഞങ്ങളോടൊപ്പം ഏറ്റവും പുറകിലുണ്ടായിരുന്ന ബാക്കപ് വാൻ എത്തിയപ്പോൾ വെള്ളത്തിന്റെ നിരപ്പ് വല്ലാതെ ഉയർന്നതിനാൽ ക്രോസ്സ് ചെയ്യുവാൻ കഴിഞ്ഞില്ല. ജലനിരപ്പ് കുറയുന്നത് വരെ അവർക്ക് കാത്തിരിക്കേണ്ടി വന്നു .

അങ്ങിനെ സകല കടമ്പകളും അതിജീവിച്ച് വൈകുന്നേരത്തോട് കൂടി പാംഗോങ് തടാകത്തിലെത്തി. ഇതുവരെയുള്ള യാത്രാ ക്ലേശങ്ങളെ ഒറ്റ നിമിഷം കൊണ്ടലിയിക്കുന്നതായിരുന്നു മനോഹരമായ പാംഗോങ് തടാകത്തിന്റെ കാഴ്ച . എത്ര നോക്കി നിന്നാലും കണ്ണെടുക്കാൻ തോന്നാത്ത ആ ദൃശ്യ വിസ്മയം ക്യാമറയിലാക്കുവാൻ എല്ലാവരും മത്സരിക്കുകയായിരുന്നു 13900 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന 136 കി.മീ നീളമുള്ള തടാകത്തിന്റെ മൂന്നില് രണ്ടു ഭാഗം ചൈനയിലാണ്. ശൈത്യകാലത്ത് ഈ തടാകം തണുത്തുറഞ്ഞ് ഐസാകുമത്രേ. സൂര്യന്റെ ദിശ മാറുന്നതിനസുരിച്ച് തടാകത്തിനുണ്ടാകുന്ന നിറഭേദങ്ങൾ ഒരദ്ഭുതം തന്നെയാണ്. ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ ക്ളൈമാക്സ് ചിത്രീകരിക്കുവാൻ ഇത്രയും ദുഷ്കര പാതകൾ താണ്ടി ഇവിടെയെത്തിയ ആമിർ ഖാനെയും കൂട്ടരെയും കുറ്റം പറയാൻ പറ്റില്ല.

ഇന്നത്തെ താമസം തടാകത്തിനടുത്ത് തന്നെയുള്ള താത്കാലിക ടെന്റുകളിലാണ്. അസ്ഥി കോച്ചുന്ന തണുപ്പിൽ ഉറക്കം. അടുത്ത ദിവസത്തെ യാത്ര നൂബ്ര വാലിയിലേക്കാണ്. ഏകദേശം 170 കി മി യാത്രയുണ്ട്. ഇതായിരുന്നു ഈ യാത്രയിലെ ഏറ്റവും അപകടം പിടിച്ച റോഡ് എന്ന് വേണമെങ്കിൽ പറയാം. ലേയിലെ ടാക്‌സികൾ പോലും ഈ റോഡ് ഒഴിവാക്കുമത്രേ. പാംഗോക് തടാകത്തിൽ നിന്നും തിരിച്ചു ലേയിൽ വന്നിട്ടാണ് മിക്കവരും നൂബ്‌റ വാലിയിലേക്ക് പോകുക. അഡ്വഞ്ചറസ് ട്രിപ്പിന് വരുന്നവർ മാത്രം തിരഞ്ഞെടുക്കുന്ന റോഡ്. അപകടം നിറഞ്ഞ വാട്ടർ ക്രോസിങ്ങുകളും, ഉരുളൻ കല്ലുകളും പൂഴി മണലും മാത്രം നിറഞ്ഞ റോഡുകളും, കൊടിയ വളവുകളും നമ്മുടെ ഹൃദയമിടിപ്പ് ഉയർത്തുക തന്നെ ചെയ്യുമെന്ന കാര്യത്തിൽ സംശയം വേണ്ട.
 ഈ റോഡുകളിൽ ഒരുപാട് വർഷത്തെ അനുഭവ സമ്പത്തുള്ള ഞങ്ങളുടെ റ്റീം ക്യാപ്റ്റൻ പോലും നിയന്ത്രണം വിട്ടു വീണു എന്ന് പറയുമ്പോൾ തന്നെ ഊഹിച്ചു കൊള്ളുക. വീതി കുറഞ്ഞ കുത്തനെയുള്ള ഹെയർ പിന് വളവുകളൊന്നിൽ ഞങ്ങളും വീണു. കൊടും വളവു തിരിഞ്ഞു മുകളിലേക്ക് കയറുമ്പോൾ ഉരുളൻ കല്ലിൽ കയറി സ്കിഡ് ആകുകയായിരുന്നു. കൊക്കയുടെ വശത്തല്ലാതിരുന്നതിനാൽ വലിയൊരു അപകടത്തിൽ നിന്ന് രക്ഷപെട്ടു എന്ന് പറയാം. ഇത്തരമൊരു റൈഡിൽ, റൈഡിങ് ഗിയേഴ്സിന്റെ അത്യാവശ്യമെന്താണെന്നു ശരിക്കും മനസ്സിലായതന്നാണ്. ഒരു പോറൽ പോലുമില്ലാതെ ഞങ്ങൾ എണീറ്റു. തൊട്ടു പുറകിൽ വന്ന റൈഡേഴ്സിന്റെ സഹായത്തോടെ ബൈക്കുയർത്തി. വീണ്ടും യാത്ര തുടങ്ങി.

മുന്നോട്ടു പോകുന്തോറും റോഡിന്റെ അവസ്ഥ കൂടുതൽ പരുക്കനായി വരികയായിരുന്നു. പൂഴിമണൽ മാത്രം നിറഞ്ഞ റോഡിലെത്തിയപ്പോൾ വണ്ടി കയ്യിൽ നിന്ന് വഴുതുവാൻ തുടങ്ങി , അതും കയറ്റവും വളവും, രണ്ട് കാലും നിലത്ത് കുത്തി ഏറ്റവും കുറഞ്ഞ വേഗതയിലല്ലാതെ ഈ വഴി താണ്ടുവാൻ കഴിയില്ല. ആക്സിലറേറ്റർ അല്പം കൂട്ടിയാൽ, ബൈക് തെന്നി മറിയും. അങ്ങിനെ ഏറ്റവും ദുഷ്കരമായ റൈഡിനൊടുവിൽ വൈകുന്നേരത്തോടെ ഞങ്ങൾ നൂബ്‌റ വാലിയിലെത്തി

ലദ്ദാക്കിന്റെ പൂന്തോപ്പ് എന്നറിയപ്പെടുന്ന നുബ്ര വാലി സമുദ്രനിരപ്പിൽ നിന്നും 10000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. പൂക്കളുടെ താഴ്വാരമാണ് നുബ്രാ. ധാരാളമായി ആപ്പിളും ആപ്രിക്കോട്ടും വിളയുന്നു. ഷിയോക് നദിയുടെ തീരത്ത് കൂടിയുള്ള നുബ്ര വാലി യാത്ര ഒരനുഭവം തന്നെയാണ്. മനുഷ്യവാസം തീരെ കുറവായ മേഖലകള്. സിന്ധുവിന്റെ പോഷക നദിയായ ‘ഷിയോക്’ നുബ്ര വഴി പാകിസ്ഥാനിലേക്കാണ് ഒഴുകുന്നത്. ഒക്ടോബർ അവസാനിക്കുന്നതോടെ നദിയുടെ ഉപരിതലം തണുത്തുറഞ്ഞ് മഞ്ഞുകട്ടിയായി തീരുന്നു. ഇരട്ട കൂനുള്ള ഒട്ടകങ്ങളെ ഇവിടെ സവാരിക്ക് ലഭ്യമാണ്. ബാക്ട്രിയന് ഒട്ടകം എന്നാണ് ഇവ അറിയപ്പെടുന്നത്. കടുത്ത വംശ നാശ ഭീഷണി നേരിടുന്ന ഈ ഒട്ടകം ഭൂമിയിൽ ആയിരത്തിൽ താഴെ മാത്രമേ അവശേഷിക്കുന്നുള്ളത്രെ.

നുബ്രയിലെ രാത്രിയെ ആഘോഷ രാവാക്കി മാറ്റിയ ക്യാമ്പ് ഫയറിനു ശേഷം ഉറക്കത്തിലേക്ക്. യാത്ര തുടങ്ങിയിട്ട് ഇന്ന് 7 ദിവസം തികയുന്നു.അടുത്ത ദിവസത്തെ റൈഡിനായി രാവിലെ തന്നെ എല്ലാവരും തയ്യാറായി. ഇന്നാണ് ഞങ്ങളേവരും ആകാംഷയോടെ കാത്തിരുന്ന ആ സ്വപ്ന റൈഡ്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള മൊട്ടറബിൾ റോഡായ കാർഡുങ് ലാ പാസിലൂടെയുള്ള ബൈക് യാത്ര! നുബ്ര വാലിയിൽ നിന്ന് കാർഡുങ് ലാ വഴി തിരിച്ച് ലേയിലേക്ക്. ഏകദേശം 170 കി മി.


നുബ്രയിലെ പഴക്കമുള്ള ബുദ്ധവിഹാരങ്ങളിൽ ഒന്നായ ദിസ്‌കിത് മൊണാസ്ട്രിയിൽ ഒരു സന്ദർശത്തിനു ശേഷമാണ് യാത്ര തുടങ്ങിയത്.ഉള്ളിൽ ഫോട്ടോ എടുക്കാൻ സന്യാസിമാർ അനുവദിക്കില്ല. ബുദ്ധവിഹാരങ്ങളെക്കുറിച്ച് അറിയുവാൻ സ്വിറ്റസർലാന്റിൽ നിന്നും വന്ന ഒരു കൂട്ടം സഞ്ചാരികളും അവിടെയുണ്ടായിരുന്നു. ഇതിനടുത്ത് തന്നെയാണ് പാകിസ്ഥാന് അഭിമുഖമായി 32 മി ഉയരമുള്ള മൈത്രേയ ബുദ്ധന്റെ പ്രതിമ സ്ഥിതി ചെയ്യുന്നത്. ഗ്രാമത്തിന്റെ സംരക്ഷണം കൂടാതെ പാക്കിസ്ഥാനുമായി ഇനി യുദ്ധം ഉണ്ടാകാതിരിക്കുക, ലോകത്ത് സമാധാനം പുലരുക എന്നീ ലക്ഷ്യങ്ങളുമായി സ്ഥാപിച്ച ബുദ്ധ പ്രതിമ 2010 ജൂലൈ 25ന് തിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈലാമയാണ് ആശീർവദിച്ചത്.


അങ്ങിനെ കാർദുങ്ങ് ലാ ലക്ഷ്യമാക്കി ഞങ്ങൾ യാത്ര തുടങ്ങി. റോഡിന്റെ അവസ്ഥക്ക് വലിയ മാറ്റമൊന്നും ഇല്ല. കല്ലും, പൊടിയും, ചെളിയും നിറഞ്ഞ വീതി കുറഞ്ഞ പാതകൾ. മിലിറ്ററി ട്രക്കുകളുടെ വരവ് പലപ്പോഴും ഭയപ്പെടുത്തും. കൂടെയുള്ള റൈഡേഴ്സിൽ പലരും ഇടക്കിടക്ക് വീഴുന്നുണ്ടായിരുന്നു. വീഴ്ചക്ക് ശേഷം ഇനിയൊരടി ഞാൻ ബൈക്കിൽ യാത്ര ചെയ്യില്ല, മുൻപിലും ഇരിക്കില്ല പുറകിലും ഇരിക്കില്ല എന്ന് പറഞ്ഞ ഒരു പഞ്ചാബി സുഹൃത്തിനെ ഇപ്പോഴും ഓർക്കുന്നു.


അങ്ങിനെ കഠിന യാത്രക്കൊടുവിൽ സമുദ്രനിരപ്പിൽ നിന്നും 18,380 അടി ഉയരത്തിലുള്ള കാർഡുങ്ങ് ലാ യിൽ എത്തിച്ചേർന്നു. ലോകത്തിന്റെ ഉയരത്തിലെത്തിയ അനുഭൂതി. ഫോട്ടോ എടുക്കുവാൻ സഞ്ചാരികളുടെ തിരക്ക്. ആൾട്ടിറ്റിയൂഡ് സിക്നെസ്സ് വലിയ രീതിയിൽ തന്നെ ബാധിക്കുന്ന സ്ഥലമാണിവിടം. ആയതിനാൽ അധികം താമസം കൂടാതെ അവിടെ നിന്ന് ചുരമിറങ്ങി. ഇവിടെ നിന്ന് ഏകദേശം 40 കി മി മാത്രമേ ഉള്ളു ലേയിലെത്തുവാൻ. അങ്ങിനെ വൈകുന്നേരത്തോട് കൂടി ഇന്നത്തെ റൈഡിനു സമാപനമായി. ലേയിലെ ഹോട്ടലിൽ രാത്രി താമസം.


നാളെ ഞങ്ങൾ രണ്ട് ഗ്രൂപ്പായി തിരിയുകയാണ്. ശ്രീനഗറിലെ അവസ്ഥ അത്ര ശുഭകരമല്ലാത്തതിനാൽ അങ്ങോട്ട് പോകുവാൻ പലരും തയ്യാറായില്ല. എന്നാൽ ഭൂരിപക്ഷ തീരുമാനം ശ്രീനഗറിലേക്കു പോകുവാൻ തന്നെയായിരുന്നു. താല്പര്യമില്ലാത്തവർക്ക് തിരിച്ചു മണാലിയിലേക്ക് പോകുവാൻ ഒരു ട്രാവലർ ഏർപ്പാടാക്കി. മെക്കാനിക്കും , ക്യാപ്റ്റനും, ബാക്കപ് വാനും ഉൾപ്പെടെ ശ്രീനഗറിലേക്ക് പോകുന്നു. ഞങ്ങൾ തിരിച്ചു മണാലിയിലേക്കു തന്നെ പോകുവാൻ തീരുമാനിച്ചു. അങ്ങിനെ 8 ദിവസത്തെ ബൈക് റൈഡ് ഇവിടെ അവസാനിക്കുകയാണ്.


ഇത്രയും നാളും ഒരുമിച്ചുണ്ടായിരുന്ന പലരെയും വേർപിരിഞ്ഞപ്പോഴാണ് ആ സൗഹൃദ ബന്ധത്തിന്റെ ആഴം മനസ്സിലായത്. ദേശ ഭാഷാന്തരങ്ങൾക്ക് അതീതമായ ആ ബന്ധം ഇന്നും ഒരു ഞങ്ങൾ വാട്സാപ് ഗ്രൂപ്പിലൂടെ കാത്ത് സൂക്ഷിക്കുന്നു . രണ്ട് ദിവസത്തെ യാത്രക്കൊടുവിൽ തിരിച്ചു മണാലിയിൽ എത്തിച്ചേർന്നു. ഈ വഴികളിലൂടെ തന്നെയായാണോ റൈഡ് ചെയ്തതെന്ന് പലപ്പോഴും ഞങ്ങൾക്ക് വിശ്വസിക്കുവാൻ പ്രയാസമമായിരുന്നു. അങ്ങനെ പത്ത് ദിവസത്തെ സ്വപ്ന സഞ്ചാരം ഇവിടെ അവസാനിക്കുകയാണ്, ഇനിയും കാണാത്ത ഹിമാലയൻ പാതകളിലൂടെ ബുള്ളറ്റ് പായിക്കണമെന്ന പ്രതീക്ഷകളും സ്വപ്നങ്ങളുമായി.