Monday, May 15, 2017

സുന്ദർബൻ


കല്ലേൻ പൊക്കുടൻ എന്ന പ്രകൃതി സ്നേഹിയുടെ ഒറ്റയാൾ പോരാട്ടങ്ങളിലൂടെയാണ് ഒരു പക്ഷെ ബഹുഭൂരിപക്ഷം മലയാളികളും കണ്ടൽ വനങ്ങളെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും മനസ്സിലാക്കിത്തുടങ്ങിയത്. കണ്ടൽ ചെടികളുടെ ശക്തി സ്വയം തിരിച്ചറിഞ്ഞ് , കണ്ടൽ സംരക്ഷണം ജീവിത വ്രതമാക്കി മാറ്റിയ രണ്ടാം ക്ലാസ്സ്കാരൻ പൊക്കുടന്റെ കണ്ടൽ കാടുകളെപ്പറ്റി ഇന്ത്യയിൽ മാത്രമല്ല യൂഗോസ്ലാവ്യ, ജർമ്മനി, ഹംഗറി, ശ്രീലങ്ക, നേപ്പാള് തുടങ്ങിയ പല രാജ്യങ്ങളിലെയും പ്രമുഖ സർവ്വകലാശാലകളിൽ ഗവേഷണ പ്രബന്ധങ്ങൾ ഉണ്ടായിട്ടുണ്ട്..

 

ഇന്ത്യയിൽ ഏതാണ്ട് 6740 ചതുരശ്ര കി.മീ പ്രദേശത്ത് കണ്ടൽക്കാടുകൾ ഉണ്ടെന്നാണ് കണക്ക്. കൂടുതലും ഇന്ത്യയുടെ കിഴക്കൻ തീരങ്ങളിലാണ്‌.  ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ വനമായ സുന്ദർബൻ, ഏകദേശം പതിനായിരം കി മീറ്ററിൽ പശ്ചിമ ബംഗാളിലും, ബംഗ്ളാദേശിലുമായി വ്യാപിച്ചു കിടക്കുന്നു. ഗംഗയും ബ്രഹ്മപുത്രയും ബംഗാൾ ഉൾക്കടലിനെ പുൽകുന്ന അഴിമുഖത്ത് വിവിധ ദ്വീപുകളിലായാണ്  യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുള്ള സുന്ദരവനം സ്ഥിതി ചെയ്യുന്നത്. 'സുന്ദരിഎന്നത് പ്രസിദ്ധമായ ഒരിനം കണ്ടൽ മരത്തിന്റെ പേരാണ്. വംശനാശ ഭീഷണി നേരിടുന്ന ബംഗാൾ കടുവകളുൾപ്പെടെ25 പരം വന്യജീവികളും, 300 പരം മരങ്ങളും ഔഷധ സസ്യങ്ങളും  സുന്ദരിവനത്തെ സ്വപ്നഭൂമിയാക്കുന്നു.

 

അഴിമുഖങ്ങളിലും ചതുപ്പുകളിലും കായലോരങ്ങളിലും ഉപ്പുകലർന്ന വെള്ളത്തിൽ വളരുന്ന കണ്ടലുകൾ നിത്യഹരിത സ്വഭാവമുള്ളവയാണ്. ഓരുവെള്ളത്തിൽ വളരുന്നതിന് ആവശ്യമായ പ്രത്യേകതകൾ കണ്ടലുകൾക്കുണ്ട്. നദികളിൽനിന്ന്ഒഴുകിയെത്തുന്ന ഫലഭൂയിഷ്ഠമായ എക്കലും കടലിൽനിന്ന്വേലിയേറ്റത്തിൽ കയറിവരുന്ന ധാതുലവണങ്ങളും കണ്ടലുകളെ ഭൂമിയിലെ ഏറ്റവുംമികച്ച ആവാസവ്യവസ്ഥകളിൽ ഒന്നാക്കുന്നു. നിരവധി മത്സ്യങ്ങളുടെയും ജലജീവികളുടെയും പക്ഷികളുടെയും ആവാസകേന്ദ്രം കൂടിയാണ് കണ്ടൽക്കാടുകൾ. ഉഷ്ണ മേഖല കാടുകൾ ആഗിരണം ചെയ്യുന്ന കാർബണിനേക്കാൾ അമ്പതിരട്ടി കാർബൺ വലിച്ചെടുക്കാനുള്ള ശേഷി ഇത്തരം കണ്ടൽക്കാടുകൾക്കുണ്ട്.

 

മലിനീകരണം, കരയിടിച്ചിൽ, ഉപ്പുവെള്ളത്തിന്റെ കയറ്റം, വെള്ളപ്പൊക്കം എന്നിവയെ നേരിടാൻ കണ്ടലുകൾ ഫലപ്രദമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. തമിഴ്നാട്ടിൽ ചെന്നൈയ്ക്കു സമീപം പിച്ചാവരം, മുത്തുപേട് എന്നീ സ്ഥലങ്ങൾ സുനാമി ദുരന്തത്തിൽനിന്ന്ഒഴിവായതിനു കാരണം കണ്ടൽ കാടുകളായിരുന്നു എന്നായിരുന്നു കണ്ടെത്തൽ. ബംഗ്ലാദേശിൽ അടിക്കടി ഉണ്ടാവുന്ന പ്രകൃതി ദുരന്തങ്ങൾ ഇന്ത്യൻ തീരത്ത് വരാതെ കാക്കുന്നത് സുന്ദർബൻ കണ്ടൽക്കാടുകളാണ്. കേരളത്തിൽ 700 കി.മീ കണ്ടൽ കാടുകൾ ഉണ്ടായിരുന്നത് ഇന്ന് വെറും 17 കി മീ ആയി കുറഞ്ഞിരിക്കുന്നു എന്നത് കൂടി ഇതോടൊപ്പം കൂട്ടി വായിക്കണമെന്ന് തോന്നുന്നു.
 

പരിസ്ഥിതിയെ നമുക്ക് അതുപോലെ എക്കാലവും സംരക്ഷിച്ചു നിർത്താനാവില്ല, എന്നാൽ അവയുടെ ആവാസ വ്യവസ്ഥയെ പരിപാലിക്കാൻ നമുക്ക് സാധിക്കും. അത് കണ്ടൽ കാടുകളാണെങ്കിലും, ആതിരപ്പള്ളി വന മേഖലയാണെങ്കിലും..

പശ്ചിമബംഗാളിലെ സുന്ദർബൻ യാത്രയിൽ പകർത്തിയ ചില ചിത്രങ്ങൾ ഇവിടെ ചേർക്കുന്നു, ബംഗാൾ കടുവയെ കാണാൻ സാധിക്കാത്തതിന്റെ നിരാശയോടെ














.