Saturday, March 18, 2017

അന്ന കരിനീനയുടെ നാട്ടിൽ..

റഷ്യൻ യാത്രയിൽ, സെന്റ് പീറ്റേഴ്സ്ബർഗിൽ ഞങ്ങൾക്ക് ഗൈഡായി വന്നത് അന്ന എന്ന റഷ്യൻ പെൺകുട്ടിയായിരുന്നു,


റഷ്യൻ പെൺകുട്ടി എന്ന് പറഞ്ഞത് മനപൂർവ്വമാണ്, കാരണം സോവിയറ്റു യൂണിയന്റെ തകർച്ചയോട് കൂടി വേർപെട്ടു പോയ പല യുണിയനുകളിലെയും (ഇപ്പോൾ അവയൊക്കെ സ്വതന്ത്ര രാജ്യങ്ങളാണ്) യുവജനത മാന്യമായ ശമ്പളം തേടി കുടിയേറുന്നത് ഇന്നത്തെ റഷ്യയുടെ പ്രധാന നഗരങ്ങളായ മോസ്കോയിലും സെന്റ് പീറ്റേഴ്സ്ബർഗിലുമാണ്. ഗൈഡുകളായും, ടാക്സി ഡ്രൈവറുമാരായും അത്തരക്കാർ നിരവധിയുണ്ട്..

ഇംഗ്ലീഷ് ഭാഷ അറിയുന്നവർ വളരെ വിരളമാണവിടെ,... എന്നാൽ അന്ന വളരെ ചടുലമായി തന്നെ ഇംഗ്ലീഷിൽ സംസാരിച്ചു കൊണ്ടിരുന്നു. വ്ലാഡിമിർ ലെനിനെക്കുറിച്ച് പറയാൻ തുടങ്ങിയാൽ അവൾക്കു നൂറു നാവാണ്, ക്രിസ്ത്യാനികൾ ക്രിസ്തുവിനെ എങ്ങിനെ കാണുന്നുവോ, അങ്ങനെ തന്നെയാണ് ഞങ്ങൾ റഷ്യക്കാർ ലെനിനെ കാണുന്നത് എന്നായിരുന്നു അവളുടെ ഭാഷ്യം. ഈ കാര്യത്തിൽ റഷ്യൻ ജനതക്കിടയിൽ ഒരു അഭിപ്രായ വത്യാസമുള്ളതായി ഈ യാത്രയിൽ തോന്നിയില്ല.


എന്നാൽ ജോസഫ് സ്റ്റാലിനെക്കുറിച്ച് മനഃപൂർവ്വമായ മൗനം പലരും പാലിക്കുന്നതായി തോന്നുകയും ചെയ്തു..

വളരെ അമൂല്യങ്ങളായ ശില്പങ്ങളും പെയിന്റിങ്ങുകളും അലങ്കരിക്കുന്ന മ്യുസിയങ്ങളാണ് അവിടുത്തെ പുരാതനമായ ദേവാലയങ്ങളൊക്കെയും.
ഇവിടെ എന്ത് കൊണ്ട് പ്രാർത്ഥനകൾ കാണുന്നില്ല എന്ന എന്റെ ചോദ്യത്തിന് അന്ന തന്ന മറുപടി ഇതായിരുന്നു , 'ഇത്രയും അമൂല്യ വസ്തുക്കൾ സംരക്ഷിച്ച് പോകുന്നത് സർക്കാരിന് വലിയൊരു ബാദ്ധ്യതയാണ്. (ദൈവത്തിനു കൈക്കൂലിയായി ലക്ഷങ്ങൾസമർപ്പിക്കുന്ന ഭക്തർ അവിടെയില്ലെന്നു തോന്നുന്നു), ഞായറാഴ്ചകളിൽ പള്ളിയിൽ പോകുന്നവർ പോലും വളരെ വിരളം. അതുകൊണ്ട് സർക്കാർ ഇത്തരം ദേവാലയങ്ങൾ മ്യുസിയങ്ങൾ ആയി മാറ്റിയിരിക്കുകയാണ്. നിങ്ങളെപ്പോലുള്ള ടൂറിസ്റ്റുകൾ തരുന്ന പ്രവേശന ഫീസ് കൊണ്ട് ഇതിന്റെ മെയ്ന്റനൻസ് ചെലവ് നടന്നു പോകും.'

പത്ഭനാഭന്റെ സ്വത്തിൽ തൊടണമെങ്കിൽ എന്റെ തലയിൽ ചവുട്ടി നിന്നെ കഴിയൂ എന്നൊക്കെ ആക്രോശിച്ച നമ്മുടെ ഭക്തരെ വെറുതെ ഓർത്തു, കോടികൾ മുടക്കി അതൊക്കെ സംരക്ഷിക്കുന്ന സർക്കാരിനെയും...

ഒക്ടോബർ വിപ്ലവാനന്തരം സാറിസ്റ് ഭരണത്തിലുണ്ടായിരുന്ന വിശുദ്ധ ദേവാലയങ്ങളൊക്കെയും സർക്കാർ പിടിച്ചടക്കുകയും, അവയൊക്കെ മ്യുസിയങ്ങളായും, ഫാക്ടറികളായും, ആശുപത്രികളായും, സ്കൂളുകളായും , വിനോദസഞ്ചാര കേന്ദ്രങ്ങളായും പരിവർത്തനപ്പെടുത്തിയ ചരിത്രമറിയാതെയല്ല ഞാൻ ആ ചോദ്യം ചോദിച്ചത്.. ഈ വിഷയത്തിൽ ഒരു റഷ്യൻ പൗരന്റെ/പൗരയുടെ അഭിപ്രായം അറിയാനുള്ള വെറുമൊരു കൗതുകം..

ലിയോ ടോൾസ്റ്റോയിയുടെ 'അന്ന കരിനീനയെ' അറിയുമോ എന്ന എന്റെ ചോദ്യത്തിന് അവൾ ഒരു ചെറു ചിരിയോടെ തന്ന മറുപടി 'ഷീ വാസ് ഓൾസോ ഫ്രേം സെന്റ് പീറ്റേഴ്‌സ്ബർഗ്' എന്ന് മാത്രമായിരുന്നു...