Saturday, October 11, 2014

കലാലയത്തിലേക്കൊരു മടക്കയാത്ര


അവൾ പഴയതിലും കൂടുതൽ സുന്ദരി ആയിരിയ്ക്കുന്നു...

വർഷങ്ങൾക്ക് ശേഷം കണ്ടതിനാലാണോ അങ്ങനെ തോന്നിയത്?...

ത്രസിപ്പിക്കുന്ന കലാലയ ജീവിതം ആഘോഷമാക്കുവാൻ താങ്ങും തണലുമായിരുന്ന അവൾക്ക് കാലത്തിന്റേതായ രൂപ വത്യാസങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും, സിരകളിൽ അഗ്നി പടർത്തുന്ന ആ സാമീപ്യത്തിന് തെല്ലും മാറ്റമില്ലാത്തതു പോലെ...

ഇവൾ, ഞങ്ങളുടെ പ്രിയ കലാലയം.. ഗവണ്മെന്റ് എന്ജിനീയറിംഗ് കോളെജ് കോട്ടയം..

അവിചാരിതമായാണ് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ യോഗത്തിന് എത്തിപ്പെട്ടത്.. അതും പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം. അപ്രതീക്ഷിതമായി കണ്ട പല മുഖങ്ങളും സുവർണ്ണ കാലഘട്ടത്തിന്റെ ഗതകാല സ്മരണകളിലേയ്ക്കൊരു തിരിച്ചു പോക്കിന് കാരണമായി എന്നത് സത്യമാണ്.. കാമ്പസിനെ പച്ച പുതപ്പിക്കുന്ന ഈ റബ്ബർ മരങ്ങൾക്കും, അതിനിടയിലൂടെ വളഞ്ഞ് പുളഞ്ഞൊഴുകുന്ന വഴികൾക്കും, എന്തിന് ഈ കലുങ്കുകൾക്ക് വരെ പറയുവാൻ എത്രയെത്ര കഥകൾ ഉണ്ടാവും?

പഠനത്തേക്കാൾ, പ്രണയവും രാഷ്ട്രീയവും സിനിമയുമൊക്കെ ചർച്ചാ വിഷയങ്ങളായിരുന്ന ക്ലാസ് മുറികൾക്കൊന്നും യാതൊരു മാറ്റവും ഇല്ല.. ഓർമ്മ പുതുക്കലെന്നോണം ഒരു ബെഞ്ചിൽ ഇരുന്നുമുന്പിലെ ഡെസ്കിൽ വളരെ കഷ്ടപ്പെട്ട്, വൃത്തിയുള്ള അക്ഷരത്തിൽ ഇങ്ങനെ കോറിയിട്ടിരുന്നു, "തുറന്നു പറയാത്ത ഇഷ്ടം മനസ്സിന്റെ വിങ്ങലാണ്".. ക്ലാസ് മുറികൾക്ക് മാത്രമല്ല പുതിയ തലമുറകൾക്കും വലിയ മാറ്റം ഒന്നും സംഭവിച്ചിട്ടില്ല എന്ന് തോന്നുന്നു!!

പുകവലി നിർത്തിയെങ്കിലും പഴയ സ്നേഹിതരുടെ കൂടെ ഒരു ഗോൾഡ് ഫിൽറ്ററിനു തിരി കൊളുത്തി ഷെയർ ചെയ്തു.. ഗൾഫ് നാടുകളിൽ ലഭിയ്ക്കുന്ന വില കൂടിയ സിഗരറ്റുകൾക്ക് പകർന്നു തരാൻ പറ്റാത്ത ഒരു ലഹരിനഷ്ട സൗഹൃദങ്ങളുടെ നൊമ്പരപ്പെടുത്തലുകൾ കൂടി ആ പുകച്ചുരുളുകളിൽ അടങ്ങിയിരിക്കണം

ഒടുവിൽ പഴയ കാല രാഷ്ട്രീയ വൈരികൾ സമ്മർ സാന്റ് ബാറിലെ ടേബിളിനു ചുറ്റുമിരുന്ന് ഓരോ പെഗ്ഗ് അടിച്ചു പിരിയുമ്പോഴും ഇതു പോലൊരു കണ്ടു മുട്ടൽ, ഇതിലും കൂടുതല് സുഹ്രുത്തുക്കളുമായി ഇനിയും ഉണ്ടാവണേ എന്നു മനസ്സാ ആഗ്രഹിച്ചിരുന്നു.. :-)

Saturday, September 6, 2014

തേക്കടിയിലേക്കൊരു ടൂ വീലർ യാത്ര..

കെ കെ റോഡിലൂടെ പാമ്പാടിയിൽ നിന്നും മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്, വണ്ടിപ്പെരിയാർ വഴി തേക്കടിയിലേക്ക് ഒരു ടൂ വീലർ യാത്ര, പതിവ് പോലെ കൂട്ടിനു ഭാര്യയും. പ്രകൃതി രമണീയതയുടെ ഈറ്റില്ലമായ ഇടുക്കി മലനിരകളുടെ വന്യമായ സൗന്ദര്യം അതിന്റെ പൂർണ്ണതയിൽ അനുഭവിച്ചറിഞ്ഞ അസുലഭ യാത്ര.

മുണ്ടക്കയത്ത്‌ നിന്ന് ഏകദേശം 17 കിലോമീറ്റർ അകലെയാണ് സഞ്ചാരികളുടെ പ്രധാന ആകർഷണകേന്ദ്രമായ വളഞ്ഞങ്ങാനം വെള്ളച്ചാട്ടം. ഇവിടെ നിന്നും കുട്ടിക്കാനത്തേക്കുള്ള വഴിയിലെ കുത്തനെയുള്ള കയറ്റങ്ങളും, അപകടകരമായ വളവുകളും, യാത്രക്ക് ഒരു സാഹസികതയുടെ പരിവേഷം നല്കും എന്നുള്ളത് സത്യമാണ്.
സമുദ്രനിരപ്പിൽ നിന്ന് 3,500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കുട്ടിക്കാനം, മലയോര പ്രകൃതിരമണീയതയുടെ അനുഗ്രഹീത മേഖലകളിലൊന്നാണ്. നട്ടുച്ചക്കു പോലും കോടമഞ്ഞ് മൂടുന്ന ഇവിടം ബ്രിട്ടീഷ് ഭരണകാലത്ത് അവരുടെ പ്രിയപ്പെട്ട വേനൽകാല വസതിയായിരുന്നുവത്രേ. പച്ചപുതച്ച കുന്നുകളും, തണുത്ത കാലാവസ്ഥയും ഉള്ളതു കൊണ്ടായിരിക്കാം ഹോട്ടലുകളും റിസോർട്ടുകളും ഇവിടെ ഒരുപാടുയരുന്നത്..

അവിടെ നിന്നും പീരുമേട്ടിലേക്കുള്ള യാത്ര അക്ഷരാർത്ഥത്തിൽ മനസ്സിനെ കുളിർപ്പിക്കുക തന്നെ ചെയ്യും. മലകളെ ചുറ്റിപ്പിണയുന്ന വഴിത്താരകളും, മഞ്ഞിന്റെ തിരശ്ശീല വകഞ്ഞു മാറ്റി എത്തി നോക്കുന്ന സൂര്യനാളങ്ങളെ വാരിപുണർന്ന് പുളകിതരായ തേയില നാമ്പുകളും, കാഴ്ച്ചകാരന് വിരുന്നൊരുക്കാൻ മത്സരിക്കുന്ന ചിത്രങ്ങളെന്ന പോലെ മനസ്സിൽ എക്കാലവും മായാതെ നില്ക്കും തീർച്ച..

തേയിലത്തോട്ടങ്ങളും, പുൽമേടുകളും, വെള്ളച്ചാട്ടങ്ങളും മാറ്റു കൂട്ടുന്ന പീരുമേട്ടിൽ നിന്നും 12 കിലോമീറ്റർ യാത്ര ചെയ്‌താൽ വണ്ടിപെരിയാർ എത്താം. ജനസാന്ദ്രത കൂടിയ ഒരു കൊച്ചു ടൗണ്‍. കൂടുതലും തമിഴ് സംസാരിക്കുന്ന ആളുകൾ. അവിടെ നിന്നും ഏകദേശം 14 കിലോമീറ്റർ പിന്നിട്ട് തേക്കടിയിലെത്തി.

പെരിയാർ വന്യജീവി സങ്കേതത്തിന്റെ സ്വാഭാവിക കാനന സൗന്ദര്യം ബാൽകണിയിൽ നിന്ന് ആസ്വദിക്കുവാൻ പറ്റുന്ന റിസോർട്ട് തന്നെ ബുക്ക് ചെയ്തു. ഉച്ചഭക്ഷണത്തിനു ശേഷം ഒരു ചെറിയ മയക്കം. ഉണർന്നെഴുന്നേറ്റ് ഓരോ ചായ ഓർഡർ ചയ്ത ശേഷം ബാൽകണിയുടെ വാതിൽ തുറന്നപ്പോൾ കണ്ട കാഴ്ച്ച ശരിക്കും വിസ്മയിപ്പിച്ചു.

ഇടതൂർന്ന മരങ്ങളാൽ പച്ചപട്ട് പുതച്ച മലയുടെ താഴ്വാരത്ത് മാനുകളും, കാട്ടുപന്നികളും യഥേഷ്ടം വിഹരിക്കുന്നു, ഇഷ്ടഭക്ഷണമായ ഇളം പുല്ലുകളുടെ ആസ്വാദ്യതയോടെ. ചീവീടുകളുടേയും, കുരുവികളുടേയും കാത് കുളിർപ്പിക്കുന്ന സംഗീതം അന്തരീക്ഷത്തിന് വശ്യമായ ഒരു ചാരുത നല്കുന്നു.. മനസ്സിനാകെ ഒരുന്മേഷം..

കാതടപ്പിക്കുന്ന ശബ്ദകോലാഹലങ്ങളുടേയും, ബഹളങ്ങളുടേയും യാന്ത്രികലോകത്ത് നിന്നും വല്ലപ്പോഴുമൊക്കെ പ്രകൃതിയുടെ സ്വച്ഛമായ ശാന്തത തേടി ഇങ്ങനെ ഊളിയിടാറുണ്ട്. പലപ്പോഴും അത്തരം യാത്രകൾ മനസ്സിന് നല്കുന്ന ഉണർവ്വ് വാക്കുകൾക്കതീതമാണ്. ഇവിടെയും സ്ഥിതി മറ്റൊന്നല്ല...

വൈകുന്നേരം മരക്കൂട്ടങ്ങൾക്കിടയിലൂടെ വെറുതെ നടന്നു. ചക്രവാള ശോണിമ മാഞ്ഞു തുടങ്ങിയെങ്കിലും പശ്ചിമഘട്ടത്തിന്റെ നീലിമ മുഴുവനായും ഒഴുകിയിറങ്ങിയ തടാകത്തിന്റെ കരയിൽ ഇരിക്കുമ്പോൾ മറ്റേതോ സാങ്കല്പിക ലോകത്ത് ചെന്നുപെട്ട ഒരു പ്രതീതി.. ഒരുപക്ഷേ മനസ്സിൽ പ്രണയം സൂക്ഷിക്കുന്നവർക്കായി പ്രകൃതി ഒരുക്കിയ ദൃശ്യ വിരുന്നായിരിക്കാം...

റിസോർട്ടിൽ തിരികെ എത്തി, ഗവിയിലേക്ക് അടുത്ത ദിവസം ജീപ്പ് സഫാരി ബുക്ക്‌ ചെയ്തതിനു ശേഷം നേരെ റെസ്റ്റോറന്റിലേക്ക്...

Thursday, September 4, 2014

മരുഭൂമിയുടെ ആത്മാവിലൂടെ....

ഒരു മാസം മരുഭൂമിയിലും ഒരു മാസം മലയാള നാട്ടിലും മാറി മാറി നില്ക്കുന്നത് കൊണ്ടാകാം കേരളത്തിന്റെ ഹരിതാഭയോട് തോന്നുന്ന അതേ അഭിനിവേശം കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മരുഭൂമിയോടും തോന്നി തുടങ്ങിയത്. പൌലോ കൊയ്‌ലോയുടെ “ദ ആൽകെമിസ്റ്റ്” മുതൽ ബെന്യാമിന്റെ “ആടുജീവിതം” വരെയുള്ള നോവലുകളുടെ സ്വാധീനം ഒരു പക്ഷെ അതിന് ആക്കം കൂട്ടിയിരിക്കാം. മരുഭൂമിയുടെ നിഗൂഢതകൾ ഒരു പരിധി വരെ അനാവരണം ചെയ്യുവാൻ സഹായിച്ചത് മുന്പറഞ്ഞ എഴുത്തുകാരുടെ രചനകൾ തന്നെയായിരുന്നു.

ജോലിയുമായി ബന്ധപ്പെട്ട് കൊടും മരുഭൂമിയിലെ ഒറ്റപെട്ട പല സ്ഥലങ്ങളിലും യാത്ര ചെയ്യേണ്ടി വരാറുണ്ട്, ദുർഘടമെങ്കിലും ആ യാത്രകൾ അസുലഭ ഭാഗ്യമായി തന്നെ ഞാൻ കരുതുന്നു, കാരണം സഹ പ്രവർത്തകരായ അറബ് സുഹൃത്തുക്കളിൽ നിന്നും മണലാരണ്യത്തിന്റെ ഘനീഭവിച്ച നിശബ്ദതയിൽ ഒളിഞ്ഞിരിക്കുന്ന നിഗൂഢ രഹസ്യങ്ങൾ മനസിലാക്കുവാൻ സഹായിച്ചിരുന്നത് ഒമാനിലെ ഇത്തരം യാത്രകളായിരുന്നു. 

പൊടികാറ്റുകൾ പോലെയുള്ള അപ്രതീക്ഷിത കാലാവസ്ഥ വ്യതിയാനങ്ങൾ, ചുട്ടുപൊള്ളുന്ന അന്തരീക്ഷത്തിലും ജലപാനമില്ലാതെ മാസങ്ങളോളം കഴിയുന്ന പല തരം ജീവജാലങ്ങൾ, മഴയോ വെള്ളമോ ഇല്ലെങ്കിലും അവിടവിടെയായി ഒറ്റപെട്ടു വളരുന്ന വിവിധ തരം ചെടികളും മരങ്ങളും, വറ്റി വരണ്ട ഭൂമിയിലും പ്രകൃതിയുടെ വരദാനമായ മരുപ്പച്ചകൾ, അങ്ങനെ മരുഭൂമികൾ എനിക്ക് മുൻപിൽ ഒരു അദ്ഭുത ലോകം തീർക്കുകയായിരുന്നു.

മരുഭൂമിയിലെ സവാരിക്ക് വേണ്ട മുന്കരുതലുകളെക്കുറിച്ച് പ്രശസ്ത ബ്രസീലിയൻ എഴുത്തുകാരനായ പൌലോ കൊയ്‌ലോ അദ്ദേഹത്തിന്റെ ചില നോവലുകളിൽ വിശദമായി തന്നെ പ്രതിപാദിക്കുന്നുണ്ട്. മരുഭൂമിയിലെ യാത്രയ്ക്ക് ഏറ്റവും അനുകൂലമായ സമയം പ്രഭാതവും സായാഹ്നവുമാണ്. കാരണം ഉച്ചയോടു കൂടി ചൂട് അതിന്റെ പാരമ്യതയിലെത്തും, ഈ സമയത്ത് നിർജ്ജലീകരണം മുതൽ സൂര്യാഘാതം വരെ സംഭവിക്കാം. 

രാത്രിയിലും യാത്ര ഒഴിവാക്കണം, പകൽ സമയത്ത് ചൂട് കൂടുതലായതിനാൽ രാത്രിയിലാണ് പാമ്പുകളും തേളുകളും പോലെയുള്ള ഉഗ്ര വിഷ ജീവികൾ പുറത്തിറങ്ങുക. മരുഭൂമിയിലെ ഇഴജന്തുക്കൾക്ക് മറ്റു പ്രദേശങ്ങളിലുള്ളവയെ അപേക്ഷിച്ചു വിഷത്തിന്റെ അളവ് വളരെ കൂടുതലാണ്, ചെറിയൊരു ദംശനം മതിയാകും മിനിറ്റുകൾക്കുള്ളിൽ മരണം സംഭവിക്കുവാൻ. 

മരുഭൂമിയിലെ യാത്രകൾക്കിടയിൽ ഒരു തവണ മരുപാമ്പിനെ കാണുവാനുള്ള ഭാഗ്യം ഉണ്ടായി, തദ്ദേശവാസിയായ സുഹൃത്താണ് കാർ ഡ്രൈവ് ചെയ്യുന്നതിന്റെ ഇടയിൽ ആ ദൃശ്യം കാട്ടിത്തന്നത്. ഏതോ അജ്ഞാത സാമീപ്യം മനസിലാക്കിയിട്ടെന്നോണം ചുട്ടു പഴുത്ത മണൽതരികൾക്കിടയിലൂടെ അവൻ വളഞ്ഞ് പുളഞ്ഞ് ദൂരേയ്ക്ക് പോയി മറഞ്ഞു. അത്യപൂർവ്വ ദൃശ്യത്തിന്റെ ഒരു ചിത്രം പകർത്തുവാൻ മറന്നു പോയ എന്റെ ബുദ്ധി ശൂന്യതയെ ഞാൻ ഇന്നും ശപിക്കുന്നു. 

പാമ്പുകൾ മാത്രമല്ല, തേളുകൾ, ഉടുമ്പുകൾ, ചെന്നായകൾ, പല തരം ഓന്തുകൾ, എലികൾ, വിവിധ തരം പല്ലികൾ തുടങ്ങി ഒട്ടനവധി ജീവജാലങ്ങൾ മരുഭൂമിയുടെ മക്കളായുണ്ട്. ഒരു വനത്തിനുള്ളിൽ കാണപ്പെടുന്നത് പോലെ തന്നെ, അല്ലെങ്കിൽ ഒരു കടലിനുള്ളിൽ കാണപ്പെടുന്നത് പോലെ തന്നെ, നിരവധി അനവധി ജീവജാലങ്ങളുടെ ആവാസ കേന്ദ്രമാണ് ഈ മണലാരണ്യങ്ങൾ. മരുഭൂമിയിലെ ഉടുമ്പിന്റെ ഇറച്ചിക്ക് മുൻപിൽ വയാഗ്ര പോലും നിഷ്പ്രഭം എന്നാണു പ്രിയ സുഹൃത്ത് തമാശയായി ഇടയ്ക്ക് പറയാറുള്ളത്. 

മരുഭൂമിയിലൂടെ നടക്കുമ്പോൾ ദാഹം തോന്നാറില്ലത്രെ. എങ്കിലും ഇടക്കിടയ്ക്ക് വെള്ളം കുടിച്ചു കൊണ്ടിരിക്കണം. നിർജ്ജലീകരണം വളരെ പെട്ടെന്നായിരിക്കും സംഭവിക്കുക. മിനിറ്റുകൾക്കുള്ളിൽ മരണവും സംഭവിക്കാം. ഏറ്റവും രസകരമായ കാര്യം മരുഭൂമിയിലെ യാത്രയ്ക്കിടയിൽ മരണപ്പെട്ടിട്ടുള്ള മിക്കവരുടേയും കൈവശം വെള്ളം ഉണ്ടായിരുന്നു എന്നുള്ളതാണ്! 

മറ്റൊരു പ്രധാന സംഗതിയാണ് വസ്ത്രങ്ങൾ. ദേഹമാസകലം മൂടുന്ന നീളൻ വസ്ത്രങ്ങൾ നിർജ്ജലീകരണത്തെയും, സൂര്യാഘാതത്തെയും ഒരു പരിധി വരെ തടഞ്ഞു നിർത്തുന്നു. അറബികളുടെ വസ്ത്ര ധാരണ രീതി ഇതിനെ തികച്ചും സാധൂകരിയ്ക്കുന്നതാണ്. കാലാവസ്ഥയ്ക്കും ഭൂപ്രകൃതിയ്ക്കും അനുസരണമായി തന്നെയാണ് മനുഷ്യൻ അവന്റെ വസ്ത്രധാരണ രീതി വികസിപ്പിച്ചെടുത്തിരിയ്ക്കുന്നത് എന്നുള്ളതിന് ഇതിലും വലിയ തെളിവുകൾ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. 

പൌലോ കൊയ്‌ലോയും അദ്ദേഹത്തിന്റെ ഭാര്യയും കൂടി കാലിഫോർണിയയിലെ മൊഹാവി മരുഭൂമിയിലൂടെ നടത്തിയ സാഹസിക യാത്രയിൽ, ചൂട് സഹിക്കാനാവാതെ, തങ്ങളുടെ വസ്ത്രങ്ങൾ ഉരിഞ്ഞ് പൂർണ്ണ നഗ്നരായി യാത്ര തുടരുകയും, മിനിറ്റുകൾക്കകം നിർജ്ജലീകരണത്തിനു വിധേയരായി മരണത്തെ മുഖാമുഖം കാണുകയും ചെയ്യുന്ന സന്ദർഭം “ദ വാല്കൈറീസ്” എന്ന നോവലിൽ അദ്ദേഹം തന്നെ വിശദമാക്കുന്നുണ്ട്. 

മൊഹാവി മരുഭൂമിയിലുള്ള ഒരു ഉപ്പു തടാകം തേടിയുള്ള യാത്രയായിരുന്നു അത്. ആ മരുഭൂമി ഒരിക്കൽ സമുദ്രത്തിന്റെ അടിത്തട്ടായിരുന്നു എന്നുള്ളതിന്റെ തെളിവ്. പസഫിക് സമുദ്രത്തിൽ നിന്നും നൂറു കണക്കിനു മൈലുകൾ താണ്ടി കടൽകൊക്കുകൾ വർഷത്തിലൊരിക്കൽ ഈ തടാകത്തിലെത്തുമത്രെ. മഴയുടെ ആരംഭ കാലത്ത് മരുഭൂമിയിൽ പ്രത്യക്ഷപ്പെടുന്ന ഒരിനം കൊഞ്ചുകളെ ഭക്ഷിക്കാനാണ് അവ വരുന്നത്. നോവലിസ്റ്റിന്റെ വാക്കുകൾ കടമെടുക്കുകയാണെങ്കിൽ, "മനുഷ്യൻ അവന്റെ ഉത്ഭവത്തെ കുറിച്ചൊക്കെ മറന്നെന്നിരിക്കും. പക്ഷെ പ്രകൃതി അങ്ങനെ അല്ല. അതൊരിക്കലും, ഒന്നും മറക്കുന്നില്ല.” 

എന്റെ പ്രിയപ്പെട്ട അറബ് സുഹൃത്തിന്റെ വാക്കുകൾ ആവർത്തിച്ചു കൊണ്ട് തല്കാലം വിട വാങ്ങുന്നു, മറ്റൊരു പോസ്റ്റിലൂടെ വീണ്ടും കാണുന്നത് വരെ..... “മരുഭൂമിയ്ക്ക് സ്വന്തമായി ഒരു നിയമമുണ്ട്, ആ നിയമം പാലിക്കുന്നവരെ അത് സംരക്ഷിയ്ക്കും, അല്ലാത്തവരെ അത് കൊന്നു കളയുകയും ചെയ്യും..............”.