Friday, February 6, 2015

സുവർണ്ണ ബുദ്ധന്റെ നാട്ടിൽ

രാത്രിയാത്രയുടെ ആലസ്യത്തിലാണ് ഭാര്യയുമായി തായ്ലന്റിന്റെ തലസ്ഥാനമായ ബാംഗോക്കിൽ വിമാനമിറങ്ങിയത്. സുവർണ്ണബുദ്ധന്റെ നാട്ടിലെ, ‘സുവർണ്ണഭൂമിവിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങിയപ്പോൾ നേരം വെളുത്തിരുന്നു. ഞങ്ങളെ കാത്തു നിന്നിരുന്ന തായ് പെണ്കുട്ടിയുടെ ആതിഥ്യം സ്വീകരിച്ച് ടാക്സിയിൽ കയറുമ്പോൾ, ഹോട്ടൽ വിവരങ്ങൾ ഡ്രൈവർക്ക് കൈമാറുകയായിരുന്നു അവൾ. ആദ്യം പോകേണ്ടത് പട്ടായയിലേക്കാണ്.

കാറിൽ നിന്നുയരുന്ന നനുത്ത പാശ്ചാത്യ സംഗീതത്തിന്റെ പശ്ചാലത്തിൽ വഴിയോരകാഴ്ച്ചകൾ ആസ്വദിച്ചു കൊണ്ടൊരു യാത്ര. നഗരകാഴ്ചകൾ മായുകയാണ്. വഴിയോരങ്ങളിൽ തെങ്ങും, വാഴയുയുമുൾപ്പെടുന്ന വിശാലഹരിതാഭ ദൃശ്യമായി തുടങ്ങി. തായ്ജനതയുടെ കൃഷി സ്ഥലങ്ങളായിരിക്കാമത്. അവിടവിടെ പാരമ്പര്യ നിർമ്മാണ ശൈലി വിളിച്ചോതുന്ന ബുദ്ധവിഹാരങ്ങളും, കൊച്ചു കൊച്ചു വീടുകളും, ഭക്ഷണ ശാലകളും..

ഏകദേശം രണ്ടു മണിക്കൂർ നീണ്ട യാത്രക്കൊടുവിൽ പട്ടായയിൽ എത്തി. ഇവിടുത്തെ ബീച്ചുകൾ 15 കിലോമീറ്ററോളം നീണ്ടുകിടക്കുന്നവയാണ്. മത്സ്യത്തൊഴിലാളി ഗ്രാമങ്ങളും കൃഷിയിടങ്ങളും ധാരാളമുള്ള കടലോര പ്രദേശം. വിയറ്റ്നാം യുദ്ധവേളയിൽ അമേരിക്കൻ സൈനികരുടെ വിശ്രമകേന്ദ്രമായിരുന്നത്രെ ഇവിടം. സുഖകരമായ ഒരു ഉച്ചയുറക്കത്തിന് ശേഷം സഞ്ചാരികളുടെ 'ഹോട്ട് സ്പോട്ട്' ആയ പട്ടായയുടെ നൈറ്റ് ലൈഫിലേക്കിറങ്ങി.  അതെ, പട്ടായ ഉണരുകയാണ്..

റെസ്റ്റോറന്റുകളും, ബാറുകളും, നൃത്തശാലകളും, ഷോപ്പിംഗ് സെന്ററുകളും, മസാജ് പാർലറുകളും, നിശാസുന്ദരികളും ചേർന്ന് രാത്രിയെ പകലാക്കി മാറ്റുകയാണിവിടെ. ദിവസ വാടകയ്ക്കെടുക്കുന്ന സുന്ദരികളെ കരവലയത്തിലൊതുക്കി വാർദ്ധക്യം ആഘോഷിക്കുന്ന യൂറോപ്യൻ സഞ്ചാരികൾ തെരുവുകളിലെ കൗതുക കാഴ്ചയാണ്. തായ് രുചിഭേദങ്ങൾ നിറഞ്ഞ രാത്രി ഭക്ഷണത്തോടെ ആഘോഷ രാവിന് വിട പറയുമ്പോൾ സമയം ഏറെ വൈകിയിരുന്നു,  തായ് നിർമ്മിത വിസ്കി അകത്താക്കിയതു കൊണ്ടാവാം തായ് വിഭവങ്ങളൊക്കെയും സ്വാദിഷ്ട്ടമായി അനുഭവപ്പെട്ടത്.

അടുത്ത ദിവസത്തെ യാത്ര കോറൽ ഐലന്റിലേക്കായിരുന്നു. ഉയർന്നു പൊങ്ങുന്ന കടലലകളെ കീറിമുറിച്ചു കൊണ്ടുള്ള, 7 കിലോമീറ്റർ ബോട്ട് യാത്ര അല്പം സാഹസികമാണെന്നു തന്നെ പറയേണ്ടി വരും. അതിർവരമ്പുകളില്ലാത്ത നഗ്നത ആഘോഷമാകുന്ന പട്ടായ ബീച്ചുകളെ മദോന്മത്തമാക്കുന്ന സാഗര നീലിമ.. വാട്ടർ സ്പോർട്സ് ആസ്വദിക്കാൻ പറ്റിയ സ്ഥലമാണിവിടം. വാട്ടർ ബൈക്ക്, സ്കൂബ ഡൈവിങ്ങ്, സ്നോർകലിംഗ്, സ്വിമ്മിംഗ്, സണ്ബാതിങ്ങ്, പാരച്യൂട്ടിംഗ് അങ്ങനെ പലതും..

പട്ടായയോട് വിട പറഞ്ഞ് അടുത്ത ദിവസം രാവിലെ തന്നെ ബാംഗോക്കിലേക്ക് യാത്ര തിരിക്കുമ്പോൾ അല്പം നഷ്ടബോധം തോന്നാതിരുന്നില്ല. ഉച്ചയോടു കൂടി ബാംഗോക്കിലെത്തി. തായ്ലന്റിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ്ബാങ്കോക്ക്. ഏകദേശം 7 മില്യനോളം ജനങ്ങൾ വസിക്കുന്ന നഗരം ലോകത്തിലെ ഏറ്റവും വലിയ 22–മത്തെ നഗരവുമാണ്.ഹോട്ടലിൽ ചെക്ക് ഇൻ ചെയ്ത് ഉച്ചഭക്ഷണം കഴിച്ച ശേഷം നഗരകാഴ്ചകൾ കാണുവാനിറങ്ങി..

ആദ്യം പോയത് വായനയിലൂടെ മാത്രം അറിഞ്ഞിട്ടുള്ള സുവർണ്ണ ബുദ്ധനെ കാണുവാനാണ്. 5.5 ടണ്(5500 കിലോഗ്രാം) സ്വർണ്ണത്തിൽ തീർത്ത ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പ്രതിമ ഒട്ടൊന്നുമല്ല അതിശയിപ്പിച്ചത്. ഇന്ത്യൻ ബൗദ്ധ ശില്പചാതുരിയുടെ സ്വാധീനം ഉള്ളതനിനാൽ ഇത് ഇന്ത്യലെവിടെയോ നിർമ്മിച്ചതാകാമെന്ന് കരുതുന്നവരുണ്ട്. 1300-1400 കാലഘട്ടത്തിലാണ് ഇതിന്റെ നിർമ്മാണമെന്ന് കരുതപ്പെടുന്നു.

ബർമ്മീസ് ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ഒരു കാലത്ത് പ്രതിമ മുഴുവനായി മറ്റൊരു ആവരണത്താൽ മൂടിയിരുന്നത്രെ. 1700 കളിൽ രാജ്യം ശത്രുക്കളുടെ ആക്രമണത്തിൽ തകർന്നടിഞ്ഞപ്പോഴും സുവർണ്ണബുദ്ധൻ തകരാതെ നിന്നു. ആവരണത്തിനുള്ളിലെ അമൂല്യ രൂപം ശത്രുക്കൾ കാണാതിരുന്നത് തന്നെ കാരണം. 1800 കളോടു കൂടി തായ് രാജവംശം വീണ്ടും അധികാരത്തിൽ വന്നെങ്കിലും അവർക്കും സുവർണ്ണബുദ്ധനെ തിരിച്ചറിയാൻ കഴിഞ്ഞില്ലത്രേ.

1955 ക്ഷേത്രത്തിന്റെ അറ്റകുറ്റപ്പണികൾക്കു ശേഷം തിരികെ സ്ഥാപിക്കുവാനായി ശ്രമിക്കുമ്പോൾ കയറു പൊട്ടി തറയിൽ വീണ പ്രതിമയുടെ ചില ഭാഗങ്ങളിലെ ആവരണം തകരുകയും ഉള്ളിലെ സുവർണ്ണ രൂപം ദൃശ്യമാകുകയും ചെയ്തു. ഏകദേശം 200 വർഷങ്ങളോളം തിരിച്ചറിയപ്പെടാതിരുന്ന സുവർണ്ണബുദ്ധൻ അങ്ങനെ ലോകത്തിനു മുൻപിൽ വെളിപ്പെടുകയായിരുന്നു!

ബാങ്കോക്കിലെ തന്നെ മറ്റൊരു പ്രശസ്തമായ ബുദ്ധപ്രതിമയാണ് റിക്ലൈനിംഗ് ബുദ്ധ അല്ലെങ്കിൽ ചരിഞ്ഞു കിടക്കുന്ന ബുദ്ധൻ. 15 മീറ്റർ പൊക്കവും 43 മീറ്റർ നീളവുമുള്ള പ്രതിമ വലിപ്പം കൊണ്ട് നമ്മെ അതിശയിപ്പിക്കും. ചെരുപ്പുകൾ ഊരി സ്വന്തം കയ്യിൽ തന്നെ കരുതുവാൻ പ്രത്യേക സഞ്ചികൾ മുൻ വാതിലിൽ വച്ചിരിക്കുന്നു. കാൽമുട്ടിന് താഴെ മറയ്ക്കാത്ത സ്ത്രീകള്ക്ക് പ്രത്യേക വസ്ത്രം കൊടുക്കുന്നത് അല്പം കൌതുകം ഉളവാക്കി.

ബുദ്ധമത വിശ്വാസപ്രകാരം അവസാനമായി 'പരിനിർവ്വാണ യിലേക്ക് പ്രവേശിക്കുന്ന അവസ്ഥയാണ് റിക്ലൈനിംഗ് ബുദ്ധ. വലതു വശത്തേക്ക് തിരിഞ്ഞ്, വലതു കയ്യിൽ തല ചാരി പരിനിർവ്വാണാവസ്ഥയിൽ കിടക്കുന്ന ബുദ്ധൻ തന്നെയാണ് അനന്തശയനത്തിൽ അമരുന്ന ശ്രീ പത്ഭനാഭനെന്ന് വാദിക്കുന്നവരുണ്ട്. തായ്ലന്റ് കൂടാതെ ബർമ്മ, കംബോഡിയ, ഇന്ത്യ, മലേഷ്യ, ശ്രീലങ്ക എന്നിവടങ്ങളിലെ പല സ്ഥലങ്ങളിലും ഇത്തരത്തിലുള്ള ബുദ്ധപ്രതിമകൾ സ്ഥിതി ചെയ്യുന്നുണ്ട്.

തൊട്ടടുത്തുള്ള പൂന്തോട്ടത്തിൽ ഒരു ബോധി വൃക്ഷവും അവർ പരിപാലിക്കുന്നു. ഇത് ഇന്ത്യയിൽ നിന്നും അതായത് ബുദ്ധന് ബോധോദയം ലഭിച്ച അതേ ബോധി വൃക്ഷത്തിൽ നിന്നും കൊണ്ടു വന്നതാണത്രേ. 95 ശതമാനം ബുദ്ധമത വിശ്വാസികളുള്ള തായ്ലന്റിൽ രാജവാഴ്ച നിലവിലുണ്ടെങ്കിലും, ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കുന്ന ഭരണഘടനാധിഷ്ഠിത ഗവണ്മെന്റിനാണു സർവ്വാധികാരം..

അടുത്ത ദിവസത്തെ യാത്ര സഫാരി വേൾഡിലേക്കായിരുന്നു. ബാങ്കോക്കിലെ പ്രശസ്തമായ മൃഗശാലയാണിത്. കാണികളെ സന്തോഷിപ്പിക്കുന്നതിനായി മൃഗങ്ങളുടെ അഭ്യാസപ്രകടനങ്ങൾ ഇവിടെ ഒരുക്കിയിരിക്കുന്നു. വന്യമൃഗങ്ങൾ വസിക്കുന്ന പാർക്കിലൂടെയുള്ള വാഹന യാത്ര ഒരു ജംഗിൾ സഫാരിയുടെ ഓർമ്മയുണർത്തുവെങ്കിലും, അവയുടെ മുഖത്ത് ദൃശ്യമാകുന്ന അസംതൃപ്തി, ഒരു പക്ഷെ സ്വാതന്ത്ര്യമില്ലായ്മയുടെ പ്രതിഫലനമായി തന്നെ വായിക്കേണ്ടി വരും. എന്തായാലും കുട്ടികൾക്ക് ഇവിടം വളരെയധികം ഇഷ്ടപ്പെടും എന്നതിൽ തർക്കമില്ല.. 

അവിചാരിതമായി കണ്ടു മുട്ടിയ നാട്ടുകാരനും സഹപാഠിയുമായിരുന്ന സുഹൃത്തിനും ഭാര്യക്കുമൊപ്പമായിരുന്നു തായിലന്റിലെ ഞങ്ങളുടെ അവസാന സായാഹ്നം. അവധിക്കാലം ആഘോഷിക്കാൻ എത്തിയതാണവരും. ഏഷ്യാടിക് റിവർഫ്രണ്ട് നൈറ്റ് മാർകറ്റിലെ ഷോപ്പിംഗിനു ശേഷം, തായ് സ്പെഷ്യൽ 'ചാങ്ങ്' ബിയറിന്റെ ലഹരിയിൽ രാത്രിഭക്ഷണം കഴിഞ്ഞു പിരിയുമ്പോൾ ഒരിക്കലും മായാത്ത ഒരുപാട് ഓർമ്മകൾ കൂട്ടിനുണ്ടായിരുന്നു.

അതെ, അടുത്ത ദിവസം ഞങ്ങൾ മടങ്ങുകയാണ്, ആഹ്ലാദകരമായ ദിവസങ്ങൾ സമ്മാനിച്ച സുവർണ്ണ ഭൂമിക്ക് നന്ദി പറഞ്ഞു കൊണ്ട്..

ആതിഥ്യ മര്യാദയിൽ ഒരു പിടി മുന്നിൽ നില്ക്കുന്ന തായ് നിവാസികളുടെ സുന്ദരമായ പുഞ്ചിരി മനസ്സിൽ സൂക്ഷിച്ചു കൊണ്ട്...